About Me

My photo
A very friendly human, living & working in kerala, India, working with in india's most recoganized and leading financial sector company as a manager. My hobbies are Photograophy, Travelling, Eco friendly trekking, Listing Classical Music, Reading Books. http://www.facebook.com/kishorekrishnatk

6. ബദരിയിലേയ്ക്ക് ....



1 ജൂണ്‍ 2010

  കേദാര്‍ ധാമിലെ അതികഠിനമായ തണുപ്പില്‍ പുതപ്പില്‍ നിന്നും പുറത്തിറങ്ങാന്‍ നന്നേ ഞങ്ങള്‍ കഷ്ടപെട്ടു. പ്രഭാത കൃത്യങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ക്ഷേത്രത്തിനു മുന്‍പില്‍ വന്നു.  കേദാര്‍ധാമില്‍ വന്നു ജോതിര്‍ലിന്ഗം ദര്ശിക്കുവനും പ്രാര്‍ത്ഥിക്കുവാനും അവസരം തന്ന ശ്രി പരമേശ്വരനോട് നന്ദി രേഖപെടുത്തി ഞങ്ങളുടെ യാത്ര മംഗളകരമാക്കുവാനും  പ്രാര്‍ത്ഥിച്ചു ഞങ്ങള്‍ തിരിച്ചു യാത്ര തുടങ്ങി. ഏകദേശം 1 കിലോമീറ്റര്‍ കഴിഞ്ഞു തിരിച്ചു നോക്കി കേദാര്‍ക്ഷേത്രം ഒരിക്കല്‍ കൂടി ദര്‍ശിച്ചു. ഇനി എന്ന് വരുവാന്‍ കഴിയും ? ചോദ്യം ബാക്കി. അതിനായി കേദാര്‍നാഥനോട് പ്രാര്‍ത്ഥന നടത്തി. ഈശ്വര അനുഗ്രഹം കൂടാതെ ഇവിടങ്ങളില്‍ എത്തിച്ചേരാന്‍ ആര്‍ക്കും തന്നെ കഴിയില്ല എന്നതാണ് സത്യം.

കേദാറിലേയ്ക്ക് നടന്നു പോകുവാനുള്ള വഴി

 കയറ്റത്തെ പോലെ തന്നെ ഇറക്കവും കഠിനം തന്നെ. സൂര്യന്‍ ഉച്ചസ്ഥാനത്തില്‍ വിരാജിക്കുമ്പോള്‍ പെട്ടന്ന് തന്നെ കാലാവസ്ഥ മാറി മറഞ്ഞു. ഭാഗ്യവശാല്‍ ഞങ്ങള്‍ മഴയ്ക്ക് മുന്പായി ഗൌരികുണ്ടില്‍ എത്തിച്ചേര്‍ന്നു. ഫോണ്‍ ചെയ്തു ഞങ്ങളുടെ ഡ്രൈവറെ അറിയിച്ചിരുന്നു. ഏകദേശം 30 മിനിട്ടിനു ശേഷം ഞങ്ങള്‍ യാത്ര തുടര്‍ന്നു. കേദാര്‍ഈശ്വരന്റെ ശീതകാല വസതിയായ ഉഖിമഠ  ആണ് ഞങ്ങളുടെ അന്നത്തെ രാത്രിതാമസം. ഗുപ്തകാശി എത്തി ഞങ്ങള്‍ ചായ കഴിച്ചു. അപ്പോഴും മഴ തകര്‍ത്തു പെയ്യുനുണ്ടായിരുന്നു. ഏകദേശം 5 മണിയോടെ ഞങ്ങള്‍ ഉഖിമത് എത്തിച്ചേര്‍ന്നു. ആദ്യം തന്നെ രാത്രി കഴിഞ്ഞുകൂടനായി ഒരു മുറി തരപെടുത്തി. റോഡിന്റെ ഇടതുവശം ഒരു മൂന്നു നില കെട്ടിടം. നല്ല വൃത്തിയുള്ള ഒരു മുറി. റോഡിന്റെ മറുവശത്ത് ഗുപ്തകാശിയില്‍ നിന്നും വരുന്ന റോഡും ചെറിയ ഗ്രാമങ്ങളും കാഴ്ചക്ക് മാറ്റ്‌ കൂട്ടി. അതിനുശേഷം ഞങ്ങള്‍ ഉഖിമത് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ഒരു ഒതുങ്ങിയ ഭാഗത്ത്‌ ക്ഷേത്രം. ക്ഷേത്ര ഗോപുര നിര്‍മ്മാണം നടന്നു വരുന്നു. ക്ഷേത്രത്തിനു ഉള്ളില്‍ കടന്നു.
ചെറുത് ആണെങ്കിലും ഗാംഭീര്യം നിറഞ്ഞ ക്ഷേത്രം. അതിനടുത്തായി ഉഷ - അനിരുദ്ധ വിവാഹം നടന്ന മണ്ഡപം. നിഗൂഡ രഹസ്യങ്ങള്‍ നിറഞ്ഞ മൂര്‍ത്തികള്‍. എല്ലാം കൂടി വളരെ പുതുമയുള്ള ഒരു അന്തരീക്ഷം.
മുഖി മഠ ക്ഷേത്രം

പ്രതിക്ഷണത്തിനുശേഷം അരികിലുള്ള പഞ്ചകേദാര്‍ പ്രതീക  പ്രതിഷ്ഠകള്‍ ദര്‍ശിച്ചു. ക്ഷേത്രത്തിന്റെ ഗര്ഭഗ്രഹത്തില്‍ കയറി പ്രാര്‍ത്ഥിക്കാന്‍ സാഹചര്യം ലഭിച്ചു. അവിടെ ഒരു യുവപൂജാരിയെ പരിചയപെടാന്‍ ഇടയായി. അദ്ദേഹം അവിടെ ഇരിന്നു സാമവേദം പാരായണം തുടങ്ങി. ഉച്ചാരണ സ്പഷ്ടത, ഉറച്ച ശബ്ദം, എനര്‍ജി അല്പം പോലും കുറയാതെ അദ്ദേഹം 1 മണിക്കൂറിൽ കൂടുതല്‍ പാരായണം നടത്തി. അതിന്റെ ഒരു നല്ല ശതമാനം എനര്‍ജി ഞങ്ങളിലും വിലയം ചെയ്തു. വളരെ സന്തോഷത്തോടെ ഞങ്ങള്‍ ദീപരധനക്ക് ശേഷം മുറികളിലേയ്ക്ക് നീങ്ങി. നല്ല ആഹാരം തന്നെ അവിടെ നിന്നും ലഭിച്ചു. അതിനു ശേഷം ഞങ്ങള്‍ നിദ്ര ദേവിയെ ശരണം പ്രാപിച്ചു.  


2 ജൂണ്‍ 2010
അതി രാവിലെ തന്നെ യാത്ര തുടങ്ങി. ബദരിധാമില്‍ രാത്രിക്ക് മുന്‍പേ എത്തിച്ചേരണം, അതാണ് ലക്‌ഷ്യം. ജോഷിമഠത്തില്‍ നിന്നും പട്ടാളം ആണ് ഗതാഗത നിയന്ത്രണം. ഉച്ചക്ക് ഉള്ള ട്ടോള്‍ പിടിച്ചാല്‍ രാത്രിക്ക് മുന്‍പേ ബദരിയില്‍ എത്തിച്ചേരാം. വാഹനം കുറച്ചു സമയത്തിന് ശേഷം ചോപ്ട എന്ന ഗ്രാമത്തില്‍ എത്തി. എവിടെ നിന്നുമാണ് പഞ്ച കേദാര്‍ ക്ഷേത്രങ്ങളില്‍ പ്രശസ്തമായ തുംഗനാഥില്‍ പോകുന്ന മാര്‍ഗം. ലോകത്തിൽ പൂജ നടക്കുന്ന ക്ഷേത്രങ്ങളിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് തുങ്കനാഥ്. നടന്നു വേണം യാത്ര പൂര്‍ത്തീകരിക്കാന്‍. അല്പം വിശ്രമിച്ച ശേഷം മറ്റൊരിക്കൽ തുങ്കനാഥിൽ എത്തിച്ചേരാൻ ഭാഗ്യം നൽകണേ എന്ന പ്രാർത്ഥനയോടെ ഞങ്ങൾ ചോപ്ത ഗ്രാമം വിട്ടു. സാമാന്യം നല്ല ഒരു കാടു കടന്നു വേണം അടുത്ത ഗ്രാമത്തില്‍ എത്തിച്ചേരുവാന്‍. കട്ടില്‍ സാമാന്യം വന്യ മൃഗങ്ങളെ കാണുവാന്‍ കഴിയും എന്ന് സാരഥി പറഞ്ഞു. കാടിന്റെ നടുവില്‍ ഒരു ചെറിയ ഗ്രാമം.
വനത്തിനുള്ളിലെ ഒരു ഗ്രാമം
ഒരു ചെറിയ ചെക്ക് പോസ്റ്റ്‌. പിന്നീടു   തട്ട് തട്ടായി കൃഷി ചെയ്യുന്ന മലകള്‍ക്കിടയിലൂടെ യാത്ര സുഖകരം തന്നെ.  ഗോപേശ്വര്‍ എത്തി ചേര്‍ന്നു. സാമാന്യം നല്ല ഒരു പട്ടണം.അതിനു ശേഷം ഏകദേശം 2 മണിക്കൂർ സമയം വേണം ജോഷിമഠിൽ എത്തി ചേരാൻ... കഠിനമായ കയറ്റങ്ങൾ വാഹനത്തിനു പ്രശ്‌നമായിരുന്നില്ല. വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡുകൾ. മുകളിൽ എത്തി താഴേക്ക് നോക്കുമ്പോൾ മാത്രമേ അതിനെ ഗൗരവം മനസിലാകൂ.
ജോഷിമഠ് എത്തിച്ചേരുവാനുള്ള വഴി
ഏകദേശം 1 :30 യോടെ  ഞങ്ങൾ ജോഷിമഠിൽ എത്തിച്ചേർന്നു 

 പട്ടാളത്തിന്റെ അനുമതി കാത്തു കിടക്കുന്ന വിഭാഗത്തില്‍ ഞങ്ങളും സ്ഥാനം പിടിച്ചു. ഇടതു ഭാഗത്തായി ഹാത്തി പര്‍വത് (ആനയുടെ രൂപത്തില്‍ പര്‍വതം) കാണുവാന്‍ ഇടയായി.

ശ്രീ ആദിശങ്കരന്‍ സ്ഥാപിച്ച മഠം ആണ് ജോഷിമഠം. സമയക്കുറവു കാരണം ഞങ്ങള്‍ക്ക് അത് സന്ദര്‍ശിക്കുവാന്‍ ഭാഗ്യം ഉണ്ടായില്ല. 1 മണിക്കൂര്‍ കാത്തുകിടന്ന ശേഷം യാത്ര തുടങ്ങി. ടിബറ്റിനു അടുത്ത പട്ടണം ആയതിനാല്‍ പട്ടാളം അവരുടെ ശക്തി റോഡിനു ഇരുവശവും അവരുടെ സാനിദ്ധ്യത്താല്‍ പ്രകടമാക്കിയിരുന്നു. വളരെ നല്ല റോഡ്‌ ആയിരുന്നു തുടക്കത്തില്‍. സിഖ് സമുദായത്തിന്റെ പ്രശസ്തമായ ഹേമകുണ്ട്സാഹിബ്‌ പോകുന്ന വഴി, പണ്ടുകേശ്വര്‍ എന്നിവ കഴിഞ്ഞതോടെ റോഡു വളരെ മോശമായി. ആരെയും കുറ്റം പറയേണ്ട കാര്യം ഇല്ല. പ്രകൃതി എന്ന ശക്തിയെ വെല്ലാന്‍ മനുഷ്യന് എന്ത് കഴിവ്. ഏകദേശം 5 മണിയോടെ ബദരിയില്‍ ഞങ്ങള്‍ എത്തി ചേര്‍ന്നു. കാശി മഠത്തില്‍ പറഞ്ഞു വെച്ച റൂം കിട്ടിയില്ല. ഇസ്കോൺ അംഗങ്ങൾ താമസിച്ചിരുന്ന മുറികൾ രണ്ടു ദിവസത്തേയ്ക്ക് കൂടി നീട്ടി ആവശ്യപ്പെട്ടതാണ് കാരണം. പകരം ഞങ്ങള്‍ക്ക് ഉടുപ്പി മഠത്തില്‍ താമസ സൌകര്യം കാശി മഠത്തില്‍ ഉള്ള ശ്രീ വിജയ്‌ തരപ്പെടുത്തി.
ബദരി -
രാത്രിയില്‍ നല്ല തണുപ്പ് അനുഭവപ്പെട്ടിരുന്നു. ക്ഷേത്രം കാണുവാനായി ഞങ്ങള്‍ റൂം വിട്ടിറങ്ങി. അളകനന്ദ നദി സൌമ്യമായി ക്ഷേത്രത്തിനു മുന്‍പിലൂടെ ഒഴുകുന്നു. നമ്മുടെ നാട്ടിലെ നമ്പൂതിരിയാണ് ബടരിയിലെ മുഖ്യ പൂജാരി. റാവല്‍ജി എന്നാണ് അദ്ദേഹത്തിന് അവിടെ കൊടുത്തിരിക്കുന്ന സ്ഥാനപ്പേര്. അദ്ധേഹത്തെ കാണുവാനായി ഞങ്ങള്‍ പോവുകയുണ്ടായി. അടുത്ത ദിവസം 8 മണിക്ക് അദ്ധേഹത്തിന്റെ അനുയായി സമയം അനുവദിച്ചു. രാത്രിയില്‍ ദീപപ്രഭയില്‍ നില്‍ക്കുന്ന ബദരി ക്ഷേത്രം മനോഹരമായ കാഴ്ച തന്നെ.
ബദരീനാഥ് - ഒരു രാത്രി ദൃശ്യം

കൂടുതല്‍ അവിടെ കറങ്ങി നടക്കുവാന്‍ ആഗ്രഹം ഉണ്ടെങ്ങിലും തണുപ്പ് അനുവദിച്ചില്ല. വെളിച്ചം കുറയുന്നതിനെക്കാള്‍ പതിന്മടങ്ങ്‌ വേഗത്തില്‍ തണുപ്പ് പിടി മുറിക്കുകൊണ്ടിരുന്നു. നല്ലൊരു നിദ്രക്കായി ഞങ്ങള്‍ മുറിയില്‍ പുതപ്പിനുള്ളില്‍ കൂടി.

3 ജൂണ്‍ 2010

രാവിലെ തന്നെ ഉണര്‍ന്നു. റാവല്‍ജിയെക്കാണന്‍ ഞങ്ങള്‍ ക്ഷേത്രം ലാക്കാക്കി നടന്നു. അദ്ദേഹം പൂജക്ക്‌ ശേഷം വീട്ടില്‍ ഉണ്ടായിരുന്നു. അനുവദിച്ചത് പോലെ 30 മിനിട്ട് സമയം അദ്ദേഹവുമായി ചെലവഴിക്കുവാന്‍ കഴിഞ്ഞു.
റാവൽജിയോടൊപ്പം - പൂജാമുറിയിൽ
ക്ഷേത്രത്തിനെ പറ്റിയും സംസ്കാരത്തെ പറ്റിയും നമ്മുടെ അധ്യാത്മികമായ ചിന്തകളെപറ്റിയും ചര്‍ച്ച നീണ്ടു നിന്നു. പിന്നീടു ക്ഷേത്ര ദര്‍ശനം നടത്തി.  ക്ഷേത്രത്തിനു അടുത്ത് സ്ഥിതി ചെയ്യുന്ന ചൂട് നീരുറവയിലെ കുളി ഒരിക്കലും മറക്കുവാനാവില്ല. അതിനു ശേഷം ഞങ്ങള്‍ മാന ഗ്രാമം കാണുവാനായി പോയി. ഭാരതത്തിന്റെ അവസാനത്തെ ഗ്രാമമാണ്‌ മാന, ശ്രീ വ്യസഭാഗവാന്‍ മഹാഭാരത രചന ഗണപതി ഭഗവാനുമായി ചേര്‍ന്നു നടത്തിയ ഭൂപ്രദേശം ആണ് മാന.
വേദവ്യാസഗുഹ
വ്യാസ ഗുഹയും ഗണപതി ഗുഹയും നമുക്ക് അവിടെ കാണുവാന്‍ സാധിക്കും. വ്യാസ ഗുഹക്കു അടുത്ത് തന്നെ സരസ്വതി നദിയും കാണുവാന്‍ കഴിഞ്ഞു. സരസ്വതി നദി ഭൂമിയിൽ അന്തർദ്ധാനം ചെയ്യന്ന കാഴ്ച ഞങ്ങൾക്ക് കൗതുകമേകി. പാണ്ഡവന്മാർ മഹാപ്രസ്ഥാന യാത്രയിൽ സ്വർഗ്ഗാരോഹിണി പോയതും യുധിഷ്‌ഠിരൻ ഒഴികെ മറ്റുള്ളവർ മരണത്തിനു കീഴടങ്ങിയതും ഇവിടെനിന്നും സതോപന്ഥ് പോകുന്ന വഴിയിലാണ് എന്ന് മഹാഭാരതം വര്ണിക്കുന്നു. സരസ്വതി   നദിക്കു മുകളിലൂടെ ഭീമന്‍ നിര്‍മ്മിച്ചു എന്ന് കരുതപ്പെടുന്ന കൂറ്റന്‍ പാറ കൊണ്ടുള്ള പാലം കാണുവാനും കഴിഞ്ഞു. ഇതു ഭീം കാ പുൽ ( ഭീമന്റെ പാലം ) എന്ന് അറിയപ്പെടുന്നു.അതിനടുത്തായി ഗുഹകളിൽ സന്യാസിമാരെ കാണുവാൻ സാധിച്ചു.
ഭീം കാ പുൽ
നദിക്കു മറുകരയിൽ ഒരു ചെറിയ സരസ്വതി ക്ഷേത്രം കാണുവാൻ സാധിക്കും. ചെറിയ തുക നൽകിയാൽ അവിടെ ഉള്ള ചെറുപ്പക്കാർ സരസ്വതി നദിയിലെ ജലം ഒരു കുപ്പിയിലാക്കി നൽകും. ഇതു കുട്ടികളുടെ വിദ്യാഭ്യാസത്തിന് നല്ലതാണെന്ന് വിശ്വസിച്ചു പോരുന്നു. 1968 ലെ ചൈനയുമായുള്ള  യുദ്ധത്തിൽ നമുക്ക് നഷ്ടപെട്ട 18 വീര ജവാന്മാരുടെ പേര് കൊത്തിവെച്ച സ്മാരകം കാണുവാൻ സാധിച്ചു. ഒരു ഉത്തരേന്ത്യൻ കുടുംബം കുറച്ചു പൂക്കൾ അവിടെ അർപ്പിക്കുന്ന കാഴ്ച മനസിനെ നൊമ്പരപ്പെടുത്തി.  കുറച്ചു നേരം അവിടെ ചെലവഴിച്ചതിനു ശേഷം ഞങ്ങൾ തിരിച്ചു ഞങ്ങള്‍ ബദരിയില്‍ എത്തി. ചെറിയ ഷോപ്പിങ്ങിനു ശേഷം വിശ്രമം ആവശ്യമായി തോന്നിയതിനാല്‍ റൂമില്‍ സമയം കഴിച്ചു കൂട്ടി.
  

4 ജൂണ്‍ 2010

രാവിലെ ഉണര്‍ന്നു. പ്രഭാത കൃത്യങ്ങള്‍ക്ക് ശേഷം റൂം വിട്ടിറങ്ങി.  ബദരിനാഥനെ മനസാ വണങ്ങി രാവിലെ  8 :30 തോടെ ഞങ്ങൾ ഹരിദ്വാര്‍ ലക്ഷ്യമാക്കി യാത്ര തുടങ്ങി. ഇനി എന്ന് ഈ സന്നിധിയില്‍ എത്തും ?   എന്ന ആഗ്രഹം വേഗം തന്നെ സാധിപ്പിച്ചു തരണേ എന്ന പ്രാര്‍ത്ഥനയോടെ ബദരിയോട് വിട പറഞ്ഞു.  വഴിയിൽ ധാരാളം പട്ടാളത്തിന്റെ സാനിധ്യം ഉണ്ടായിരുന്നു. വാഹനം ഞങ്ങളുമായി വിഷ്ണുപ്രയാഗ്, ജോഷിമഠം, ഗോപേശ്വർ, നന്ദപ്രയാഗ്, മുതലായ പട്ടണങ്ങൾ കടന്നു  ഏകദേശം 7 മണിയോടെ ഹരിദ്വാറില്‍ എത്തിച്ചേര്‍ന്നു.