About Me

My photo
A very friendly human, living & working in kerala, India, working with in india's most recoganized and leading financial sector company as a manager. My hobbies are Photograophy, Travelling, Eco friendly trekking, Listing Classical Music, Reading Books. http://www.facebook.com/kishorekrishnatk

4. ഗോമുഖിലേയ്ക്ക്...

27 മെയ്‌ 2010
            രാവിലെ ഉണര്‍ന്നു ഓരോ കപ്പു ചായ കഴിച്ചു. പറഞ്ഞു ഉറപ്പിച്ചതുപോലെ ഞങ്ങളുടെ വഴികാട്ടിയായി നിയമിതനായ പയ്യന്‍ എത്തി. ഉടന്‍ തന്നെ രണ്ടു ദിവസത്തേക്കുള്ള സാധനങ്ങള്‍ എടുത്തു യാത്ര തുടങ്ങി. വഴികാട്ടി പയ്യന്‍ ഉത്തരകാശി സ്വദേശിയാണ്.പേര് സത്പല്‍, പഠിപ്പ് പത്താം തരo കഴിഞ്ഞു, ആറ് മാസക്കാലം ജോലിക്കായി ഗംഗോത്രി പ്രദേശത്ത് താമസിച്ചു വരുന്നു. യാത്രികരെയും കൊണ്ട് ഗോമുഖ്, തപോവന്‍, നന്ദാവൻ, എന്നിവിടങ്ങളിലേയ്ക്ക് യാത്രക്കായി വഴികാട്ടി ജോലി ചെയ്യുന്നു. ഗംഗോത്രി ക്ഷേത്രത്തിന്റെ മുന്‍പിലൂടെ യാത്ര ചെയ്യുമ്പോള്‍ ക്ഷേത്രത്തിൽ ഉണ്ടായിരുന്ന മറ്റു യാത്രികര്‍ ബഹുമാനപുരസരം ഞങ്ങളെ വീക്ഷിക്കുന്നത് കണ്ടു. ക്ഷേത്രത്തിനു ഇടതുവശത്തൂടെ മുകളിലേയ്ക്ക് ഉള്ള വഴിയിലൂടെ യാത്ര തുടര്‍ന്നു. ഒറ്റയടി പാതയിലൂടെ ആയിരുന്നു ഞങ്ങളെ ആ വഴികാട്ടി പയ്യന്‍  നയിച്ചത്. ദേവതാരു വൃക്ഷങ്ങള്‍ ഇരു വശത്തും ധാരാളമായി കാണപ്പെട്ടു. വലതു വശം അതി ഭയങ്കരമായ ഗര്‍ത്തങ്ങളും ഇടതു വശം ചെങ്കുത്തായ പാറക്കെട്ടുകളും യാത്രക്ക് ആകാംഷയും നിഗൂഢതയും മാത്രമല്ല, ഭീതി എന്ന നിറവും കൂടി നല്‍കി.
പർവ്വതം പിളർന്ന് നിൽക്കുന്ന കാഴ്ച ...

 ഹിമാലയം മനം നിറയ്ക്കുന്ന കാഴ്ചകള്‍ സമ്മാനിച്ചിരുന്നു. ദൂരെ വന്‍ പര്‍വതങ്ങള്‍ ഹിമം പുതച്ചു ഗാംഭീര്യത്തോടെ തല ഉയര്‍ത്തി നില്‍ക്കുന്നു. അതിനപ്പുറത്ത് സൂര്യന്‍ തന്റെ ബാല്യം വിട്ടുമാറി കൌമാര അവസ്ഥയില്‍ എത്തി നില്‍ക്കുന്നു. സൂര്യരശ്മികള്‍ പര്‍വതങ്ങളില്‍ കിടക്കുന്ന ഹിമങ്ങളില്‍ തട്ടി പ്രതിഫലിക്കുന്നത് നല്ല ഒരു കാഴ്ച തന്നെ.   ചെറിയ പാറകെട്ടുകളുടെ പള്ളയിലൂടെ ഞങ്ങള്‍ ചെറു സംഘമായി നടന്നു നീങ്ങി. കുതിര പുറത്തു സഞ്ചരിക്കുന്ന മറ്റു സംഘങ്ങള്‍ ഞങ്ങളെ കടന്നു പോയി. അവരുടെ സ്ഥിതി കഷ്ടമാണെന്ന് തോന്നി, കാരണം പലയിടങ്ങളിലും പാറക്കെട്ടുകള്‍ ഗുഹ മുഖത്തിന്‌ സമാനമായി വഴിയിലേയ്ക്കു തള്ളി നില്‍ക്കുന്നു. ആ ഭാഗം എത്തുമ്പോള്‍ കുതിര യാത്രികര്‍ കുതിരപ്പുറത്തു കമഴ്ന്നു കിടക്കണം.  അല്ലെങ്കില്‍ തല പാറയില്‍ തട്ടും. ചെറിയ തരത്തിലുള്ള മെയ്‌വഴക്കം ഇതിനു ആവിശ്യമാണ്. 
ഗംഗോത്രി നാഷണല്‍ പാര്‍ക്കിന്റെ പ്രവേശന കവാടത്തിനു  മുന്‍പില്‍ യാത്രാഗങ്ങള്‍....
                                   ഏകദേശം മൂന്നു കിലോമീറ്റര്‍ നടന്നു, ഒരു മണിക്കൂറിനു ശേഷം ഞങ്ങള്‍ ഗംഗോത്രി നാഷണല്‍ പാര്‍ക്കിന്റെ പ്രവേശന കവാടത്തില്‍ എത്തി ചേര്‍ന്നു. എവിടെ ഒരു ചെക്കിംഗ് ഉണ്ട്. പട്ടാള മേധാവി തന്ന അനുമതി പത്രം എവിടെ നല്‍കി, മറ്റൊരു അനുമതി കൂടി വാങ്ങണം. പ്ലാസ്റ്റിക്‌ ഒന്നും തന്നെ ഈ ഭൂവിഭാഗങ്ങളില്‍ നിഷിദ്ധമാണ്. പ്ലസ്ടികില്‍ പൊതിഞ്ഞ ആഹാര സാധനങ്ങള്‍ കൊണ്ടുപോകാന്‍ അനുമതി ഉണ്ട്. പക്ഷെ പ്ലാസ്റ്റിക്‌ എണ്ണി തിട്ടപെടുത്തി തിരുച്ചു വരുമ്പോള്‍ അവ കാണിച്ചതിന് ശേഷം മാത്രമേ പുറത്തേക്കു വിടുകയുള്ളു. അല്ലെങ്ങില്‍ ഭീമമായ തുക അടയ്കെണ്ടതായി വരും. ഇതിനടുതായിഒരു  ചെറിയ  ക്ഷേത്രം ഉണ്ട്.ഞങ്ങള്‍ അവിടെയും ദര്‍ശനം നടത്തി   ഇതിനു ശേഷം കുറച്ചു വിശ്രമിച്ചു ഞങ്ങള്‍ യാത്ര തുടര്‍ന്നു. ദൂരെ നിന്നും പര്‍വതങ്ങള്‍ക്കിടയിലൂടെ ഗംഗനദി ഒഴുകിവരുന്നു. സൂര്യപ്രകാശം നദിയില്‍ തട്ടി പ്രതിഫലിക്കുന്നു, കാറ്റു വിശുന്നതും നദി ജലം ഒഴുകുന്നതുനായ ശബ്ദം എന്നിവകൂടി ചേര്‍ന്നപ്പോള്‍ മറ്റേതോ  ലോകത്തെന്നു തോന്നിപോകും. നദിയുടെ മറുകരയില്‍ ഉള്ള പര്‍വതങ്ങളില്‍ നിന്നും മണ്ണും കല്ലുകളും അടര്‍ന്നു വീണതിന്‍റെ കലകള്‍ നന്നായി കാണാം. ആ പര്‍വതഭാഗങ്ങളിലുള്ള  മരങ്ങള്‍ കട പുഴകി നശിച്ചു പോയതായി കാണാം. പതയുടെ വീതി വളരെ കുറവായിരുന്നു. ചിലയിടങ്ങളില്‍ ഒരാള്‍ക്ക് കഷ്ടിച്ചു നടന്നു പോകാന്‍ മാത്രം സ്ഥലമുണ്ടയിരുന്നുള്ളൂ. അതിനാല്‍ തന്നെ വളരെ സൂഷിച്ചു മാത്രമാണ് ഓരോ അടിയും മുന്‍പോട്ടു വെച്ചത്. കുറച്ചുകൂടി മുന്‍പോട്ടു പോകുമ്പോള്‍ വന്‍ മരങ്ങള്‍ കുറഞ്ഞുവന്നു. ദൂരെ കണ്ണെത്താവുന്ന ദൂരം വരെ പര്‍വതത്തിന്‍റെ പള്ളയിലൂടെ പോകുന്ന ഒറ്റയടി പത കാണാന്‍ സാധിച്ചിരുന്നു. 
ഗോമുഖിലേക്കുള്ള പാത .... താഴെ ഗംഗ
പട്ടാളക്കാർ നിർമിച്ച പാലത്തിലൂടെ ...
പട്ടാളക്കാര്‍ അവരുടെ രീതിയില്‍ കെട്ടിയുണ്ടാക്കിയ ഒരു പാലം കടന്നു, അതിനു താഴെ ഒഴുകിയിരുന്ന അരുവിയില്‍ നിന്നും വെള്ളം കുടിച്ചും ശേഖരിച്ചും ഞങ്ങള്‍ യാത്ര തുടര്‍ന്നു. പാതയുടെ ഇരുവശത്തും രണ്ടോ മൂന്നോ അടി മാത്രം ഉയരമുള്ള ചെറുചെടികള്‍ ധാരാളമായി കാണപ്പെട്ടു. വെയിലിനു ചൂട് കൂടികൂടി വന്നിരുന്നു. അവിടവിടങ്ങളിലായി ധാരാളം ജലപ്രവാഹങ്ങള്‍ ഉണ്ടായിരുന്നു, അതിനാല്‍ ജലപാനതിനു ബുദ്ധിമുട്ടുണ്ടായില്ല. ഹിമായലത്തില്‍ യാത്ര ചെയുമ്പോള്‍, പ്രത്യകിച്ചും നടന്നു യാത്ര ചെയുമ്പോൾ  ധാരാളമായി വെള്ളം കുടിക്കണം എന്ന് വായിച്ച ബുക്കുകളില്‍ നിന്നും മനസിലാക്കിയിരുന്നു. ധാരാളമായി പല നിറങ്ങളിലും വലിപ്പത്തിലും പുഷ്പങ്ങള്‍ കാണുവാന്‍ സാധിച്ചു. അങ്ങ് ദൂരെ ശിവലിംഗ് പര്‍വതം മഞ്ഞാല്‍ പുതച്ചു ഗാംഭീര്യത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നു. മറ്റൊരു പര്‍വതം രണ്ടായി പിളര്‍ന്നു നില്‍ക്കുന്നു. ഇതൊരു അപൂര്‍വമായ കാഴ്ചയായി തോന്നി. മഞ്ഞു മലകളില്‍ നിന്നും വന്നിരുന്ന കാറ്റിന് വളരെയേറെ തണുപ്പ് അനുഭവപെട്ടിരുന്നു.  ഇതിനിടയില്‍ സഹയാത്രികനായ സുരേഷിന് കലശലായ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപെട്ടു. പ്രാണവായുവിന്‍റെ അളവ് ഹിമാലയത്തിലെ ഈ ഉയരങ്ങളില്‍ താരതമ്യേന കുറവായിരിക്കും. ശ്വാസം മുട്ടലും കടുത്ത നെഞ്ച് വേദനയും അദ്ദേഹത്തിന് അനുഭവപെട്ടു. ഗംഗോത്രിയില്‍ നിന്നും ഏകദേശം ഞങ്ങള്‍ ഏഴു കിലോമീറ്റര്‍ നടന്നു കഴിഞ്ഞിരുന്നു. എന്തെങ്ങിലും സഹായം കിട്ടാന്‍ ഗംഗോത്രിയില്‍ എത്തണം. അതിനാല്‍ ഞങ്ങള്‍ ആറ് പേരും വളരെയധികം സമയം വിശ്രമിച്ചു. തന്മൂലം യാത്ര സവധനത്തിലായി തീര്‍ന്നു. അദ്ദേഹത്തിന് കൂടെയുണ്ടായിരുന്ന ഡോക്ടര്‍ ശ്രീരാജ് കൈവശം കരുതിയിരുന്ന മരുന്നുകള്‍ നല്‍കി. അത് വളരെയധികം ഗുണം ചെയ്തു. ഞങ്ങള്‍ എന്ത് പ്രതിസന്ധി ഉണ്ടായാലും മുന്‍പോട്ടു നീങ്ങാന്‍ തീരുമാനിച്ചു. 
ചീസ്വാടയ്ക്കു മുന്‍പുള്ള നദിക്കു കുറുകെയുള്ള മരപ്പാലം കടക്കുന്ന സംഘാംഗങ്ങള്‍ 
കുറുകെ പാലമായി വര്‍ത്തിച്ച മരത്തിലൂടെ പുഴ  കടന്ന് ഏകദേശം ഉച്ചക്ക് ഒരു മണിയോടെ "ചീസ് വാട" യില്‍ എത്തിച്ചേര്‍ന്നു. ഏകദേശം ഗംഗോത്രിയില്‍ നിന്നും ഒന്‍പതു കിലോമീറ്റര്‍ ദൂരെയാണ് ഈ സ്ഥലം. ധാരാളമായി ദേവതാരു മരങ്ങളും ഭോജ്പത്ര മരങ്ങളും ഇവിടെ വെച്ച് പിടിപ്പിച്ചിരിക്കുന്നു. ഇവിടെ ഭോജ്പത്ര മരങ്ങളുടെയും ദേവതാരു മരങ്ങളുടെയും ഒരു വലിയ നേഴ്സറി തന്നെ പ്രവര്‍ത്തിച്ചുവരുന്നു. ഇവിടം ഒരു ചെറിയ പാര്‍ക്കിന്‍റെ പ്രതീതി ജനിപ്പിച്ചു. ചായയും മിതമായ രീതിയില്‍ ആഹാരം കിട്ടുവാനുള്ള സൌകര്യമുള്ള ഒരു ചെറിയ കട ചിഡ് വാസയില്‍ ഉണ്ടായിരുന്നു. അല്‍പസമയം അവിടെ ഇരുന്നു വിശ്രമിച്ചപ്പോള്‍  സത്പാല്‍ വന്നു ഇനി കൂടുതല്‍ ദൂരം പോകുവനുണ്ടെന്നും കൂടുതല്‍ അപകടസാധ്യത ഉണ്ടാവുമെന്നും പറഞ്ഞു. സത്പല്‍ പറഞ്ഞത് അപ്പോള്‍ കാര്യമാക്കിയില്ലെങ്ങിലും കുറച്ചു നടന്നപ്പോള്‍ പറഞ്ഞതിന്‍റെ ഗൌരവം മനസിലായി. ചീട് വാസക്ക് ശേഷം വന്‍ മരങ്ങള്‍ വഴിയരികില്‍ ഇല്ലായിരുന്നു എന്ന് തന്നെ പറയാം. ഒരു അടിയില്‍ താഴെ ഉയരമുള്ള ചെറിയ സസ്യജാലങ്ങള്‍ മാത്രമായിരുന്നു ഇരുവശവും. ദൂരം കഴിയും തോറും പാറക്കെട്ടുകളും പൊടിപടലങ്ങളും ധാരാളമായി യാത്രക്ക് തടസം നിന്നു.  കുറച്ചു കൂടി മുന്‍പോട്ടു പോയപ്പോള്‍ ഇടതുവശത്തുള്ള പാറക്കെട്ടുകളുടെ മുകളില്‍ നിന്നും പാറക്കല്ലുകളും മണ്ണും താഴേക്ക്‌ പതിച്ചു. സത്പലിന്റെ ഉച്ചത്തിലുള്ള വിളിയാണ് ഞാനടക്കം മൂന്നു പേരെ അപകടത്തില്‍ നിന്നും രക്ഷിച്ചത്‌., മുകളില്‍ രണ്ടു ഹിമാലയന്‍ ആടുകള്‍ (ഭൈരല്‍) തമ്മില്‍ കൊമ്പ് കോര്‍ത്തിന്റെ ഫലമായി മുകളിലുള്ള പാറകള്‍ താഴേക്ക്‌ പതിച്ചതിന്റെ കാഴ്ചയായിരുന്നു അത്. ഈ സംഭവം ഞങ്ങളില്‍ വളരെ ഭീതി ഉളവാക്കി. ഇതു സാധാരണമായ ഒരു സംഭവമാണെന്ന് സത്പാല്‍ പറഞ്ഞു. മുകളില്‍ പാറകള്‍ക്കിടയില്‍ മൃഗങ്ങളോ, കാറ്റോ ഉണ്ടാക്കുന്ന ചെറിയ ചലനങ്ങള്‍, ഒരു വന്‍ സംഭവമായി മാറുന്നു. ഒരു പാറയോ മരക്കഷ്ണമോ മുകളില്‍ നിന്നും വീഴുന്നതിനിടയില്‍ മറ്റു കല്ലുകളും മണ്ണും കൂടെ കൂട്ടി ഒരു വന്‍ മലയിടിച്ചിലായി മാറുന്നു. ഞങ്ങളുടെ പാത കല്ലും മണ്ണും കൊണ്ട് മൂടപെട്ടു പോയി. ഞങ്ങളില്‍ മൂന്നു പേര്‍ മറു ഭാഗത്തും ബാക്കി മൂന്നു പേര്‍ മണ്‍ കൂനയുടെ ഈ ഭാഗത്തും. സത്പാല്‍ അവന്റെ കഴിവ് കൊണ്ട് മാത്രം ഞങ്ങളെയും മറുഭാഗതെത്തിച്ചു. ഈ ജോലിയില്‍ വഴികാട്ടികളുടെ ആത്മാര്‍ത്ഥത വളരെ പ്രസംശനീയമാണ്. അവര്‍ അവരുടെ ജീവന്‍ പോലും പണയം വെച്ച് യാത്രികരെ സഹായിച്ചതായി കേട്ടിട്ടുണ്ട്. ഇപ്പോള്‍ നേരിട്ട് അനുഭവിക്കാന്‍ കഴിഞ്ഞു. കുറച്ചു കൂടെ നീങ്ങിയപ്പോള്‍ സത്പാല്‍ എല്ലാവരും വേഗം കോട്ട് ധരിക്കാന്‍ ആവിശ്യപെട്ടു. ആ സമയം അത്യാവിശ്യം ചൂട് അന്തിരീക്ഷത്തില്‍ അനുഭവപെട്ടിരുന്നു. പക്ഷെ വഴികാട്ടിയുടെ നിര്‍ദേശം ഞങ്ങള്‍ അനുസരിച്ചു. ഒരു അഞ്ചു മിനിട്ടിനുള്ളില്‍ കാലാവസ്ഥ മാറി. ചൂളം വിളിച്ചുകൊണ്ടു കാറ്റു പൊടിപടലങ്ങള്‍ ഉയര്‍ത്തി. നല്ല വെയില്‍ ഉണ്ടായിരുന്നത് മാറി മഴ പെയ്തു തുടങ്ങി. ഞങ്ങള്‍ ഒരു പര്‍വതത്തിന്റെ പള്ളയില്‍, കാറ്റിന്റെ ശല്യം കൂടാതെ കഴിഞ്ഞു. കാറ്റും മഴയും ഒരു പത്തു മിനിട്ട് മാത്രമേ ഉണ്ടായിരുന്നുഉള്ളു. കുറച്ചു യാത്രികര്‍ കാറ്റു വീശിയപ്പോള്‍ പറക്കെട്ടുകളിലും വൃക്ഷത്തിന്റെ വേരുകളിലും പിടിച്ചു രക്ഷ നേടുന്നത് മറക്കാന്‍ പറ്റാത്ത കാഴ്ചയായി അവശേഷിക്കുന്നു.
ഭീതി മാറാത്ത യാത്രികർ ...
 
ബലമില്ലാത്ത പാറകള്‍ കൊണ്ട് ആ പര്‍വതങ്ങള്‍ നിറഞ്ഞിരുന്നു. ചിലയിടങ്ങളില്‍ മണ്‍ കൂനകള്‍ക്കുമീതെ പാറകളും, ദാ ഇപ്പോള്‍ വീഴും എന്ന ഭാവത്തില്‍. നടക്കുന്നതിനിടയില്‍ ചുറ്റുപാടും നിരീക്ഷിച്ചു കൊണ്ട് നടന്നു.
ദൂരെ നിന്നുള്ള ദൃശ്യം -  താഴ്വരത്തായി ഭോജ് വാസ 
ഏകദേശം 500 മീറ്റര്‍ ദൂരെ വെച്ചു തന്നെ താഴ്വാരതായി കുറച്ചു കെട്ടിടങ്ങള്‍ കാണപെട്ടു.  ചെറിയ അരുവികളും പറ കൂട്ടങ്ങളും താണ്ടി ഞങ്ങള്‍ ഏകദേശം അഞ്ചു മണിയോടെ ഗോമുഖ് യാത്രയുടെ താഴ്വാര താമസസ്ഥലമായ ഭോജ് വാസയില്‍ എത്തിച്ചേര്‍ന്നു.ഒരു സ്വാമി നടത്തുന്ന ഒരു ചെറിയ ആശ്രമവും അതിനോട് അനുബന്ധിച്ച് കുറച്ചു മുറികളും ഒരു ഭാഗത്ത്‌ മറു ഭാഗത്ത്‌ KVMNL നടത്തുന്ന ഒരു ചെറിയ ഹോട്ടലും മുറികളും.. 
ഭോജവാസാ - ഒരു വിഹഗ ദർശനം
ചുറ്റുപാടും അംബര ചുംബികളായ മഞ്ഞിന്റെ തലകെട്ടോടു കൂടിയ പര്‍വതരാജകന്മാരും വീശിയടിക്കുന്ന ചൂളം വിളികളോടു കൂടിയ ശക്തമായ കാറ്റും പ്രകൃതിക്ക് മറ്റൊരു ചായം പൂശി. നമ്മുടെ നാട്ടിലെ പോലെ തന്നെ അവിടെയും കാക്കകളെ കാണുവാന്‍ സാധിച്ചു. ചെറിയ വ്യത്യാസം മാത്രം. ഈ കാക്കകളുടെ ചുണ്ടുകളും കാലുകളും മഞ്ഞ നിറത്തിലാണ്. ഞങ്ങള്‍ ആശ്രമത്തിലാണ് മുറി തരപ്പെടുത്തിയത്. കഷ്ടിച്ച് 8 പേര്‍ക്ക് കിടക്കുവാന്‍ മാത്രം കഴിയുന്ന ഒരു മുറി. ഒരു ദിവസത്തെ താമസവും ആഹാരവും കൂടി 150 /- രൂപയാണ് ആദ്ദേഹം വാങ്ങുന്നത്. എത്രയും ദൂരത്ത്‌ അതിഭയങ്കരമായ ശൈത്യത്തില്‍ ഇതു ഒട്ടും അധികമായി തോന്നിയില്ല, എന്ന് മാത്രമല്ല ഒരു വലിയ അനുഗ്രഹമായി തോന്നുകയും ചെയ്തു. മുറിയില്‍ ഞങ്ങളോടൊപ്പം വഴികാട്ടികളും മറ്റു രണ്ടു പേരും ഉണ്ടായിരുന്നു. ഒരു 100 വോള്‍ട്ട് ബള്‍ബ്‌ മുറിയില്‍ സാദാ സമയവും കത്തിയിരുന്നു. ബള്‍ബ്‌ ഉപയോഗിക്കുന്നത് മുറിയിലെ ചൂട് നിലനിര്‍ത്തുവാന്‍ വേണ്ടിയാണ്. വൈയ്ദുതിക്കായി ജനരെട്ടെര്‍ ഉപയോഗിക്കുന്നു. രാത്രി 8 മണിയോടെ ബള്‍ബുകള്‍ നിശ്ചലമാകും എന്ന് അറിയാന്‍ കഴിഞ്ഞു. പുറം കാഴ്ചകള്‍ കൂടുതല്‍ ആസ്വദിക്കാന്‍ കഴിഞ്ഞില്ല കാരണം ഞങ്ങള്‍ നന്നേ ക്ഷീനിതരയിരുന്നു. മുറിയില്‍ വിശ്രമിച്ചു കിടന്നപ്പോള്‍ ഒരു മണിയടി കേള്‍ക്കുവാന്‍ സാധിച്ചു. ഭക്ഷണത്തിനായി ആശ്രമവാസികളെ ക്ഷണിക്കുന്നതിനുള്ള മാര്‍ഗമാണ് ഇത്. സമയനിഷ്ഠ പാലിച്ചിലെങ്കില്‍ പട്ടിണി ഉറപ്പാണ്‌..ഞങ്ങളും ഭക്ഷണത്തിനായി നീങ്ങി. പുറത്തു കൊടും തണുപ്പായിരുന്നു. ആഹാരത്തിനായി കാത്തുനില്‍ക്കുമ്പോള്‍ മഞ്ഞും മഴയും തിമിര്‍ത്തു പെയ്യുകയായിരുന്നു. പാദരക്ഷകള്‍ മാറ്റി വേണം ഭോജനശാലയില്‍ പ്രവേശിക്കുവാന്‍. തണുപ്പ് അസഹനീയമായി തോന്നി. നിലത്ത് ഇരുന്നു വേണം ആഹാരം കഴിക്കുവാന്‍... തണുപ്പിനെ പ്രതിരോധിക്കാന്‍ നല്ല രീതിയില്‍ നിലത്ത് കയറ്റു പായ വിരിച്ചിട്ടുണ്ട്. ഒരു ചെറിയ പ്രാര്‍ത്ഥനയോടെ ആഹാരം വിളമ്പിതുടങ്ങി. സമയം 19 :00. ആദ്യം ആവിശ്യത്തിന് ചപ്പാത്തി, പിന്നീട് അരിയും പരിപ്പും മറ്റും ഇട്ടു വേവിച്ച ഒരു പുഴുക്ക്. നല്ല ചൂടോടെ കിട്ടിയതിനാലും നന്നായി വിശക്കുന്നതിനാലും കൂടുതല്‍ അഭിപ്രായം പറയാതെ തന്നെ കിട്ടിയത് മുഴുവന്‍ അകത്താക്കി. പത്രം അവരവര്‍ തന്നെ കഴുകി വൃത്തിയാക്കി വെക്കണം. തണുത്ത വെള്ളത്തില്‍ പത്രം കഴുകന്‍ വളരെ പ്രയാസമാണ്. ആഹാരത്തിന് ശേഷം ഞങ്ങള്‍ വേഗം തന്നെ മുറിയില്‍ എത്തി പുതപ്പിനടിയില്‍ ശരണം പ്രാപിച്ചു. അസഹനീയമായ തണുപ്പായിരുന്നു ചുറ്റുപാടും. ഉറക്കം കിട്ടുവാനായി വളരെ പാടുപെട്ടു. അന്നേ ദിവസം തണുപ്പിനെ പ്രതിരോധിക്കാന്‍ ഉദ്ദേശം ആറു കുപ്പായം ഞാന്‍ ഉപയോഗിച്ചിരുന്നു. ടോര്‍ച്, തീപ്പെട്ടി, മെഴികുതിരി മുതലായ അവശ്യ സാധനങ്ങള്‍ തലക്കല്‍ കിടക്കുന്നതിനു മുന്‍പേ സൂക്ഷിച്ചിരുന്നു. രാത്രി ബള്‍ബിന്റെ വെളിച്ചം പോയാന്‍ തികച്ചും അപരിചിതമായ സ്ടലത്ത് പെരുമാറാന്‍ ഇവ അത്യവിശ്യമായിരുന്നു. രാത്രിയില്‍ മഞ്ഞു വീഴുന്ന ശബ്ദം നന്നായി കേള്‍ക്കുനുണ്ടായിരുന്നു. രാത്രിയില്‍ തണുപ്പ് കൂടികൂടി വന്നിരുന്നു. യാത്ര ക്ഷീണം ഉണ്ടായിരുന്നു എങ്കിലും കൊടും തണുപ്പിനാല്‍ രാത്രി പലവട്ടം നിദ്രഭംഗം വന്നിരുന്നു.

28 മെയ്‌ 2010


അതിരാവിലെ തന്നെ ഏകദേശം 4 മണിയോടെ ഞങ്ങള്‍ ഉണര്‍ന്നു. വളരെയധികം തണുപ്പ് അനുഭവപെട്ടിരുന്നതിനാല്‍ പുറത്തിറങ്ങാന്‍ നിര്‍വഹമില്ലയിരുന്നു. കൊടുംതണുപ്പ് അനുഭവപെട്ടിരുന്നു എങ്കിലും ചുറ്റുപാടും വെളിച്ചം പരന്നിരുന്നു. പുറത്തിറങ്ങി നോക്കിയപ്പോള്‍ എങ്ങും ഹിമത്താല്‍ മൂടപെട്ടു തണുത്തുറഞ്ഞു നില്‍ക്കുന്ന പര്‍വതങ്ങള്‍, വീശിയടിക്കുന്ന മഞ്ഞും കാറ്റും, ചുരുക്കം ചിലര്‍ ആശ്രമ പരിസരത്ത് ശൈത്യപ്രതിരോധ വസ്ട്രങ്ങളാല്‍ മൂടപെട്ടു നില്‍ക്കുന്നതും മറ്റുമുള്ള കാഴ്ച ഇന്നും മറവിയുടെ മാറാല പിടിക്കാതെ മനസ്സില്‍ നില്‍ക്കുന്നു.രാവിലെ 7 :15 ഓടെ ആശ്രമത്തിലെ ആഹാര വിതരണം സമാപിച്ചു. നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് ആര്‍ക്കും തന്നെ ആഹാരം ലഭിച്ചില്ല. കാരണം ഞങ്ങള്‍ സമയത്ത് ഭോജനശാലയില്‍ ഹാജരായില്ല. ആ ദിവസം ആഹാരം കിട്ടാതെ വിഷമിക്കും എന്ന് വല്ലാതെ ഭയപ്പെട്ടു. കുറച്ചു ദൂരെയായി  KMVNL വകയായി ഒരു താമസമന്ദിരം കാണുവാന്‍ സാധിച്ചു. അവിടെ പോയി ബ്രെഡും വെണ്ണയും കടുംചായയും കഴിച്ചു. സമയം 7 : 40 . അന്തരീക്ഷ താപനില അവിടെ വെച്ചിരുന്ന ഉപകരണത്തില്‍ 6 ഡിഗ്രി കാണിക്കുനുണ്ടായിരുന്നു. ആഹാരത്തിന് അസാധാരണമായ വില ഈടാക്കിയിരുന്നു. അതിനു തക്കതായ കാരണവും ഉണ്ടെല്ലോ...  
തിരിച്ചു ആശ്രമത്തില്‍ വന്നശേഷം ഞങ്ങളില്‍ ശരീരസുഖം കുറഞ്ഞിരുന്ന സുരേഷിനെ മുറിയില്‍ വിശ്രമിക്കാന്‍ അനുവദിച്ച ശേഷം ഏകദേശം 8 :15 ഓടെ ഞങ്ങള്‍ നാലു പേര്‍ വഴികാട്ടിയോടൊപ്പം ഗോമുഖ് ലക്ഷ്യമാക്കി നടന്നു തുടങ്ങി. ഭോജ് വാസയില്‍ നിന്നും നാലു കിലോമീറ്റര്‍ നടക്കുവാനുള്ള ദൂരം ഉണ്ട് ഗോമുഖിലെയ്ക്ക്. കാലാവസ്ഥക്ക് ഒരു മാറ്റവും തോന്നിയില്ല. സൂര്യന്‍ മഞ്ഞിനാലും മേഘങ്ങളാലും മറയപെട്ടിരുന്നു. പര്‍വതങ്ങല്‍ക്കിടയിലൂടെ ഒരു വൃത്തിയുള്ളതും നടക്കുവാന്‍ ആയാസം കുറഞ്ഞതുമായ പാത നമ്മെ ഗോമുഖിലെയ്ക്ക് നയിക്കുന്നു.
ഗോമുഖിനരികെ ...
കുറച്ചു മടന്നു ഞങ്ങള്‍ വിശാലമായ ഒരു മൈതാനത്തിലെത്തി.
ഹിന്ദിയിലും ആംഗലേയ ഭാഷയിലും ഉപദേശം നല്‍ക്കുന്ന ബോര്‍ഡുകള്‍ ധാരാളമായി കാണപെട്ടു.ഒരു ശിവലിംഗം അവിടെ സ്ഥാപിച്ചിരുന്നു. അതിനു മുന്‍പിലായി കുറച്ചു യാത്രികര്‍ പൂക്കളും പട്ടു തുണികളും ഇട്ടു അലങ്കരിച്ചിട്ടുണ്ട്. പ്രാര്‍ത്ഥിച്ച ശേഷം ഞങ്ങള്‍ മുന്‍പോട്ടു നടന്നു. ഭീമാകാരമായ പാറക്കെട്ടുകള്‍ക്കിടയിലൂടെ നടന്നും കയറ്റങ്ങള്‍ കയറിയും ഗോമുഖ് അടുത്തെന്നും കൂടുതല്‍ അടുത്തേയ്ക്ക് പോകുന്നത് അപകടമെന്ന് എഴുതിയ അപകടമെന്നും എഴുതിയ ബോര്‍ഡുകള്‍ കടെന്നും ഒടുവില്‍ ഞങ്ങള്‍ക്ക് ഗോമുഖ് കാണുവാനായി.ഗോമുഖ് 13000 ത്തില്‍ പരം അടി ഉയരത്തില്‍ ആണെന്നും ഗോമുഖില്‍ നിന്നും നാം 500 മീറ്റര്‍ അകലം പാലിക്കണമെന്നും ബോര്‍ഡുകള്‍ കണ്ട്ടിരുന്നു. വ്യക്തമായ കാഴ്ചക്കായി കുറച്ചു കുന്നുകള്‍ കൂടി കടന്നു ഞങ്ങള്‍ അടുത്തേയ്ക്ക് നീങ്ങി. അവിടെ ഉണ്ടായിരുന്ന ഒരു പറക്കൂട്ടങ്ങള്‍ക്ക് മുകളില്‍ കയറി ഞങ്ങള്‍ കുറച്ചു സമയം ആ കാഴ്ച മതിവരുവോളം കണ്ടിരുന്നു.
ഗോമുഖ് - അര കിലോമീറ്റര്‍ ദൂരെ നിന്നുള്ള ദൃശ്യം 
ഗോമുഖ് - ഗംഗ നദിയുടെ ഉത്ഭവസ്ഥാനമാണ്. പുരാണങ്ങളില്‍ പറയുന്നതു പോലെ ഭൂമിക്കുള്ളില്‍ നിന്നുമാണ് നദി ഉത്ഭവിക്കുന്നത്. ഒരു വലിയ ഗുഹയുടെ ഉള്ളില്‍ നിന്നും അനേകായിരം കുതിരശക്തിയുള്ള ഒരു പമ്പ് ഉപയോഗിച്ച് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നത് പോലെയാണ് ഗംഗ നദി ഉത്ഭവിക്കുന്നത്. ചിലപ്പോള്‍ വളരെ ചെറിയ നീരൊഴുക്കും ചിലപ്പോള്‍ വെള്ളത്തിന്റെ അതിപ്രസരവും ഉണ്ടാവാറുണ്ട്. എപ്പോഴാണ് മാറ്റം സംഭവിക്കുന്നതെന്ന് ആര്‍ക്കും പറയുവാന്‍ സാധിക്കില്ല. പ്രകൃതിയുടെ മാറ്റം ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കില്ല എന്നതാണ് സത്യം. ആ വെള്ളപ്പാച്ചിലിന്റെ ശക്തി (ഭു-ഗര്‍ഭത്തില്‍ നിന്നും ജലത്തെ ഉയര്‍ത്തിവിടുന്ന ആ ശക്തി)എവിടെനിന്നുമാണെന്നു എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല.    കുറച്ചു വിശ്രമിച്ച ശേഷം ഞങ്ങള്‍ തിരിച്ചു യാത്ര തുടങ്ങി. കരുതിയിരുന്ന പ്ലാസ്റ്റിക്‌ കുപ്പികളില്‍ ഗംഗ ജലം ശേഖരിച്ചു. നദിയിലൂടെ വെള്ളത്തോടൊപ്പം മഞ്ഞു കഷ്ണങ്ങളും ഒഴുകിനടക്കുന്നത്‌ കാണുവാന്‍ കഴിഞ്ഞു. സത്പാല്‍ മഞ്ഞു പാറ എടുക്കുവാനായി ശ്രമം നടത്തി എങ്കിലും പരാജയപ്പെട്ടു. തിരിച്ചു വരുമ്പോള്‍ ഒരു കൂട്ടം ഹിമാലയന്‍ ആടുകള്‍ ( ഭൈരല്‍ ) മേഞ്ഞു നടക്കുന്നത് കാണുവാന്‍ ഇടയായി. നമ്മുടെ മൂന്നാറിലെ വരയടുകളോട് ഇവക്കു സാമ്യം തോന്നിച്ചു. അവയുടെ കുറച്ചു പടങ്ങള്‍ പകര്‍ത്തിയ ശേഷം നടപ്പ് തുടര്‍ന്നു.  
ഭൈരൽ - ഹിമാലയൻ ആട്
10:30 തോടെ ഞങ്ങള്‍ ഭോജ് വാസയില്‍ എത്തി ചേര്‍ന്നു. 
ക്ഷീണിച്ചിരുന്ന  യാത്രികനായ സുരേഷിന്  വേണ്ടി ഒരു കുതിരയെ ഏര്‍പ്പാടാക്കി. അദ്ധേഹത്തെ അതില്‍ കയറ്റി യാത്രയാക്കി ഞങ്ങള്‍ ആശ്രമത്തോട്‌ വിട പറഞ്ഞു.  
മലയിടിച്ചില്‍ അപ്പോഴും നിര്‍ബാധം നടന്നുകൊണ്ടിരുന്നു. ധാരാളം നേപ്പാളി ചെറുപ്പക്കാര്‍ ഭോജ്വാസയിലെയ്ക്ക് സാധന സമിഗ്രികള്‍ ചുമടായി കൊണ്ട് പോകുനുണ്ടായിരുന്നു.
സാധനങ്ങൾ കൊണ്ടുപോകുന്ന ആൾ - സമയമോ കാലാവസ്ഥായോ പ്രശമല്ല ഇവർക്ക്
അവരുടെ കഷ്ടപാട് വെച്ച് നോക്കുമ്പോള്‍ ഞങ്ങളുടെ കഷ്ടപാട് ഒന്നുമില്ല എന്ന് തോന്നും. വളരെ ഭീതിജനകമായ യാത്രയിലൂടെ ഞങ്ങള്‍ 13:30 തോടെ ചീസ് വാടയില്‍ എത്തിച്ചേര്‍ന്നു. അവിടെ കുതിരപ്പുറത്തു കയറി യാത്ര ചെയ്ത സഹയാത്രികന്‍ കാത്തിരിപുണ്ടായിരുന്നു. കാരണം ആഹാര സാധനങ്ങള്‍ അദ്ധേഹത്തിന്റെ പക്കലയിരുന്നു.  
അഞ്ചു മണിയോടെ ഗംഗോത്രി നാഷണല്‍ പാര്‍ക്കിന്റെ അടുതെത്തി. അവിടെ ഞങ്ങള്‍ കൊണ്ടുപോയ പ്ലാസ്റ്റിക്‌ സമിഗ്രികള്‍ എണ്ണി തിട്ടപെടുത്തിയ ശേഷം ആറു മണിയോടെ ഗംഗോത്രി ക്ഷേത്രത്തിന്റെ മുന്‍പിലെത്തി. ധാരാളം യാത്രികര്‍ കുശലം ചോദിച്ചു അടുത്തുകൂടി. അവരെല്ലാം ഞങ്ങളോട് വളരെ ബഹുമാനത്തോടെയാണ് പെരുമാറിയിരുന്നത്. ഞങ്ങള്‍ ഞങ്ങളുടെ മുറികളിലെത്തി വേഗം തന്നെ യാത്ര തുടങ്ങാനായി തയ്യാറെടുത്തു. പല പറ്റിക്കുന്ന പണികളും പറഞ്ഞു ഞങ്ങളില്‍ നിന്നും താമസ സ്ടലതിന്റെ ഉടമയും വഴികാട്ടിയും കൂടുതല്‍ പണം വാങ്ങിയത് നന്നായി തോന്നിയില്ല. കണ്ജന്‍ ഉടനെ തന്നെ വണ്ടിയില്‍ ഞങ്ങളുടെ സാധനങ്ങള്‍ കയറ്റി ഞങ്ങള്‍ ഗംഗോത്രിയോടു യാത്ര പറഞ്ഞു.