About Me

My photo
A very friendly human, living & working in kerala, India, working with in india's most recoganized and leading financial sector company as a manager. My hobbies are Photograophy, Travelling, Eco friendly trekking, Listing Classical Music, Reading Books. http://www.facebook.com/kishorekrishnatk

3 ഗംഗോത്രിയിലേക്ക്....

                                  നാലു മണിയോടെ യമുനോത്രിയില്‍ നിന്നും വണ്ടി ഗംഗോത്രി ലക്ഷ്യമാക്കി പ്രയാണം തുടങ്ങി. യാത്രയില്‍ ധാരാളമായി പൈന്‍, ദേവതാരു, മുതലായ വൃക്ഷങ്ങള്‍ കാണാമായിരുന്നു. ഘോരവനങ്ങള്‍ കഴിയുമ്പോള്‍ കൃഷിയിടങ്ങളും, ജനവാസ കേന്ദ്രങ്ങളും അവയെ ചുറ്റിപറ്റിയുള്ള കമ്പോളങ്ങളും ഒരു നല്ല കാഴ്ചയായിരുന്നു. താഴ്വരകളില്‍ കന്നുകാലികള്‍ ചിതറിനടന്നിരുന്നു. അവയെ മേയ്ക്കാന്‍ ചെറു വടികളെന്തിയ ബാലന്മാരും, ബാലന്മാരുടെ സഹായികളായി രോമത്താല്‍ സമൃദമായ ശരീരം ഉള്ള ഗഡ്വാളി നായ്ക്കളും യാത്രയില്‍ പതിവായ കാഴ്ചയായിരുന്നു. കഞ്ചന്‍ വളരെ വേഗത്തിലായിരുന്നു വണ്ടി ഓടിച്ചുകൊണ്ടിരുന്നത്. ഇതു ഞങ്ങള്‍ക്ക് അല്പം ബുദ്ധിമുട്ട് ഉണ്ടാക്കി. വണ്ടി മേഹര്‍ഗവ് എന്ന ഗ്രാമത്തില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ ചായ കഴിക്കുവാനായി വണ്ടി നിര്‍ത്തിച്ചു. ഡ്രൈവറുടെ വേഗതക്ക് ശമനം കിട്ടുമല്ലോ എന്നതായിരുന്നു വണ്ടി നിര്‍ത്തിക്കുവാന്‍ പ്രധാന കാരണം. മേഹര്‍ഗവ് എന്ന ഗ്രാമത്തെ പറ്റി  ശ്രി:വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂവില്‍ എന്ന ഗ്രന്ഥത്തില്‍ വായിച്ചിരുന്നു. ഇവിടെ ഒരു ഗുഹ ക്ഷേത്രം ഉണ്ട്. ക്ഷേത്രത്തില്‍ ഇറങ്ങുവാന്‍ നല്ല രീതിയില്‍ അഭ്യാസം നടത്തേണ്ടതുണ്ട്. പടവുകള്‍ കയറി ഒരു പാറപ്പുറത്ത് കയറി, ഇരുന്നു നിരങ്ങി വേണം ഉള്ളില്‍ കടക്കുവാന്‍. ഉള്ളില്‍ ഒരു ഏണി വഴി നിലത്തിറങ്ങാന്‍ കഴിയും. താഴെ രണ്ടു അടിയോളം വെള്ളതളിലാണ്‌ നാം നില്‍ക്കുന്നത്.  ഉള്‍വശം മുഴുവന്‍ ഇരുട്ടു വ്യാപിച്ചിരുന്നു. ഒരു ബാലനാണ് ഇവിടത്തെ പൂജാരി. അദേഹം ടോര്‍ച് ഉപയോഗിച്ച് അതിനുല്‍വശം മുഴുവന്‍ കാണിച്ചു. ഒരു ഭാഗത്ത്‌ ശിവജട, ഗണേശന്‍, ലക്ഷ്മിദേവി, മുതലായ സ്വയം ഭു ലിഗങ്ങള്‍ കണ്ടു. ഒരു ചെറിയ തുക ദക്ഷിണ നല്‍കി പുറത്തിറങ്ങി. അതിനു മുന്‍പില്‍ കെട്ടിയിരിക്കുന്ന മണ്ഡപത്തില്‍ ഇരുന്നു വിശ്രമിച്ചു. ഒരു ചെറിയ  കുന്നിന്റെ മുകളിലയാണ് ഈ ഗുഹ. അത്രയും മുകളില്‍ ജലപ്രവാഹം വന്നത് ഞങ്ങളെ അത്ഭുതപെടുത്തി. പ്രകൃതിയുടെ ഓരോ ലീലാ വിലാസങ്ങള്‍. മഹാശിവരാത്രി ദിവസം ഒരു സര്‍പ്പം അതിനുള്ളില്‍ വരുമെന്നും മുഴുവന്‍ രാത്രി അവിടെ ഉണ്ടാവുമെന്നും പ്രദേശവാസികള്‍ പറഞ്ഞു. 

മേഹര്‍ഗവ് ക്ഷേത്രത്തിലേക്കുള്ള പാത
സമയം 19 :00 കഴിഞ്ഞിരുന്നു. അതിനാല്‍ ഞങ്ങള്‍ അടുത്ത് തന്നെ എവിടെ എങ്കിലും അന്നത്തെ രാത്രി കഴിച്ചുകൂട്ടാന്‍ തീരുമാനിച്ചു. പക്ഷെ കുറച്ചേറെ നടന്നെങ്കിലും മുറി കിട്ടിയില്ല. മേഹെര്‍ഗവ് ഒരു ചെറിയ ഗ്രാമമാണ്‌. യാത്രികര്‍ അവിടെ താമസിക്കുന്നത് വളരെ വിരളമാണ്. അതിനാല്‍ അവിടെ താമസകേന്ദ്രങ്ങൾ തീരെ ഇല്ല എന്ന് തന്നെ പറയാം. പക്ഷെ ഞങ്ങള്‍ക്ക് അന്ന് അവിടെ താമസിക്കാതെ നിവൃത്തിയില്ല. ഒടുവില്‍ റോഡിനു വലതുവശത്തായി 8 കടമുറികള്‍ പോലെ മുറികള്‍ കണ്ടു. ഇറങ്ങി ചോദിച്ചപ്പോള്‍ മുറികള്‍ ഒന്നും തന്നെ ഒഴിവില്ല എന്നും സ്വീകര്യമെങ്കില്‍ അതിനു താഴെയായി അയാളുടെ വീടിന്റെ ഒരു മുറി തരാമെന്ന് പറഞ്ഞു. ആ നാട്ടിലെ ഒരു സ്കൂളിലെ പ്രധാന അദ്ധ്യാപകനാണ് അതിന്ടെ ഉടമ. വളരെ ഹൃദ്യമായി പെരുമാറുന്ന ഒരു ഗ്രാമീണന്‍. അദ്ധേഹത്തിന്റെ മറ്റു വരുമാനമാര്‍ഗനാണ് ഈ മുറികളും അതിനടുത്തായി ഒരു ഭോജനശാലയും. മുറി വളരെ വലിയതല്ലെങ്കിലും വെടിപ്പാര്‍ന്നതായിരുന്നു. സാധനങ്ങള്‍ ഇറക്കി മുറിയിലെത്തിച്ചു ദേഹശുദ്ധി വരുത്തി ഞങ്ങള്‍ റോഡിനരികിലെ ഡാബയില്‍ വന്നിരുന്നു. മണി 20 :00 കഴിഞ്ഞിരുന്നു. ആഹാരം ഓര്‍ഡര്‍ ചെയ്തു,  ആ രാത്രിയില്‍ ആകാശത്തിനു താഴെ, നക്ഷത്രങ്ങളെ നോക്കി, തണുത്ത കാറ്റും കൊണ്ടു കൊണ്ട് ഇരുന്നു ആഹാരം കഴിച്ചു. അത് യാത്രയില്‍ മറക്കുവാന്‍ കഴിയാത്ത ഒരു അനുഭവം തന്നെ ആയിരുന്നു.
പേരറിയാത്ത ഗ്രാമം - പക്ഷെ മറക്കുവാനാവില്ല  അവിടത്തെ താമസം
26 മെയ്‌ 2010 

                          ഉണര്‍ന്നപ്പോള്‍ ഞങ്ങളുടെ സാരഥി കഞ്ചൻ പ്രഭാതകൃത്യങ്ങള്‍ക്കു ശേഷം യാത്ര പോകുവാന്‍ തയ്യാറായി നില്പുണ്ടായിരുന്നു. ഞങ്ങള്‍ക്ക് എല്ലാം തന്നെ അലസത ബാധിച്ചിരുന്നു. ഒരു കേട്ടറിവുപോലും ഇല്ലാത്ത ഗ്രാമം, അവിടത്തെ താമസം, അവിടത്തെ ആളുകളുടെ ജീവിതരീതികള്‍, ഇതൊക്കെ കാണുവാന്‍ കിട്ടുന്ന അപൂര്‍വ സന്ദര്‍ഭം.  ഞങ്ങള്‍ താമസിക്കുന്ന കുന്നിന്‍ ചെരിവിലായി ഒരു ചെറിയ നദി ഒഴുകുന്നുണ്ട് എന്ന് മനസിലാക്കിയിരുന്നു. അതില്‍ കുളിക്കുവാന്‍ തീരുമാനിച്ചതനുസരിച്ച്, അതിന്റെ നടത്തിപ്പുകാരനായ അദ്ധ്യാപകന്‍ ഒരു പയ്യനെ ഏര്‍പാടാക്കി തന്നു. ആ പയ്യനും ഞങ്ങളും വീടിനു പിന്നിലൂടെ താഴേക്ക്‌ "Z " ആകൃതിയില്‍ നടന്നു നീങ്ങി. നദിയിലെ വെള്ളത്തില്‍ നന്നായി ഞങ്ങള്‍ നീരാടി. മണ്ണ് കൊണ്ട് നിര്‍മിച്ച വീടുകളായിരുന്നു നദിയുടെ തീരങ്ങളിലെല്ലാം. തണുപ്പിനെ അതിജീവിക്കാന്‍ മണ്ണ് കൊണ്ട് ഉണ്ടാക്കിയ വീടുകള്‍ നല്ലതാണ്. കുളി കഴിഞ്ഞു തിരുച്ചു വന്നപ്പോള്‍ മറ്റു മുറികളില്‍ താമസിച്ചിരുന്ന എല്ലാവരും തന്നെ യാത്ര തുടങ്ങിയിരുന്നു. ആ നടത്തിപ്പുകാരന്‍ വേഗം തന്നെ ആഹാരം തയ്യാറാക്കി തന്നു. ചൂടുള്ള ചപ്പാത്തിയും സബ്ജിയും, തൈരും, വളരെ രുചയാരമായ ആഹാരമായിരുന്നു. ബില്‍ വന്നപ്പോള്‍ ഞങ്ങള്‍ എല്ലാരും നന്നായി ഞെട്ടി, 5  പേര്‍ക്ക് രണ്ടു നേരത്തെ ആഹാരവും ഒരു ദിവസം താമസവും ചേര്‍ന്ന് വെറും രൂപ 648 /-. അവര്‍ക്ക് തെറ്റ് പറ്റീട്ടില്ല എന്ന് മനസിലാക്കിയതിനു ശേഷം ആണ് ഞങ്ങള്‍ ഗംഗോത്രി ലക്ഷ്യമാക്കി യാത്ര തുടര്‍ന്നത്. വീടുകളിൽ വൈകോല്‍ നമ്മളില്‍ നിന്നും വിഭിന്നമായ രീതിയില്‍ തുറു ആയി സൂക്ഷിചിരുക്കുന്ന കാഴ്ച വളരെ മനോഹരമാണ്.
                           യാത്ര സ്യലന, ബ്രഹ്മകാല്‍, ധരാസു, ഡുണ്ട, മള്‍ടി, മുതലായവ പിന്നിട്ടു ഉത്തരകാശിയില്‍ എത്തിച്ചേര്‍ന്നു. ഉത്തരകാശി പൌരാണിക പ്രാധാന്യമുള്ള സ്ഥലം ആണെങ്കിലും ഗംഗോത്രിയില്‍ നിന്നുമുള്ള മടക്ക യാത്രയില്‍ സന്ദര്‍ശിക്കാം എന്ന് തീരുമാനിച്ചിരുന്നു. ഉത്തരകാശി സാമാന്യം വലിയ ഒരു പട്ടണം ആണ്.  ഒരു തുരങ്കം കടന്നു ഞങ്ങളുടെ വാഹനം ഡിസല്‍ നിരയ്ക്കുവനായി പമ്പില്‍ നിര്‍ത്തിയിട്ടു. രണ്ടു പേര്‍ ഫലങ്ങളും മറ്റും വാങ്ങിക്കുവനായി പോയി, പരിസരം മുഴുവനും സന്യസിമാരെകൊണ്ടും, ഭിക്ഷുക്കളെ കൊണ്ടും, യാത്രികരായ ഭക്തജനങ്ങളെ കൊണ്ടും, തൊഴില്‍ അന്വേഷിച്ചു വന്ന പരദേശികളെ കൊണ്ടും നിറഞ്ഞിരുന്നു. ആറു മാസക്കാലം ചാര്‍ധാം യാത്ര മാര്‍ഗഗകളില്‍ എല്ലാം അന്യദേശക്കാര്‍ തൊഴിലിനായി എത്തിച്ചേരുന്നു. 

                        ഉത്തരകാശിയില്‍ നിന്നും 33 കിലോമീറ്റര്‍ വലത്തേയ്ക്ക് മറ്റൊരു വഴിയിലൂടെ സഞ്ചരിച്ചാല്‍ ദോഡി തടാകത്തില്‍ എത്തിച്ചേരുന്നു. ഇവിടെയാണ്‌ ശ്രീ ഗണപതി ഭഗവാനെ, ശ്രീ പാര്‍വതി ദേവി തന്റെ നീരാട്ടിനു കാവലാളായി നിര്‍മിച്ചുഎടുത്തതെന്ന് പുരാണം പറയുന്നു. മഹേശ്വര - വിനായക യുദ്ധം, ഗണേശന് ഗളം നഷ്ടപെട്ടത്, ഗജതിന്റെ ഗളം പകരം വെച്ചത്, ഈ പുരാണിക സംഭവങ്ങള്‍ നടന്നത് ഇതിനടുത്ത മേഖലകളിലായിരുന്നു. ഡോഡി തടാകം സന്ദർശിക്കുവാൻ കഴിയേണമേ  എന്ന് ആഗ്രഹം മനസാ പ്രാർത്ഥിച്ച ശേഷം യാത്ര തുടർന്നു.
                          യാത്രയില്‍ മനേരി എന്ന ഗ്രാമത്തില്‍ ഭാഗീരഥിക്ക് കുറുകെ ഒരു ഡാം കെട്ടീട്ടുണ്ട്‌. മനോഹരമായ കാഴ്ച ഈ ഭൂവിഭാഗം നമുക്ക് സമ്മാനിക്കുന്നു. തുടര്‍ന്ന് ഭട്ട്വാരി എത്തി, വാഹനം അവിടെ കുറച്ചു സമയം നിര്‍ത്തടെണ്ടാതായി  വന്നു. പഴച്ചാറും മറ്റും കഴിച്ചു. ചാര്‍ധാം യാത്രികരെ ഉദേശിച്ചു ധാരാളം ലേഖനങ്ങള്‍ വഴിക്ക് ഇരുവശത്തും ധാരാളമായി കാണാന്‍ സാധിച്ചിരുന്നു. അവിടെ നിന്നും ഏകദേശം ഒരു മണികൂര്‍ യാത്ര ചെയ്തു ഗംഗനാനി എന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നു.  ശ്രീ പരാശരമുനി ജനിച്ച സ്ഥലമാണ് ഗംഗനാനി. എവിടെ ഒരു പരാശര ക്ഷേത്രവും ഒരു ഉഷ്ണ ജലപ്രവഹവും ഉണ്ട്. വലതു ഭാഗത്ത് പടവുകള്‍ കയറി വേണം ക്ഷേത്രത്തില്‍ എത്താന്‍. ക്ഷേത്ര ദര്‍ശനം നടത്തി, തിരികെ വരുമ്പോള്‍ വിശദമായി കാണാം എന്ന് തീരുമാനിച്ച്, ഞങ്ങള്‍ യാത്ര തുടര്‍ന്നു. 
ഗംഗോത്രിയിലേയ്ക്

                    അടുത്ത ഗ്രാമമായ സുഖി വരെ സാമാന്യം നല്ല കയറ്റങ്ങള്‍ ആണ്. റോഡുകള്‍ താറുമാറായി കിടക്കുന്നു. ഇടക്ക് ചില പവര്‍ പ്രൊജക്റ്റ്‌ കളുടെ ഒഴിഞ്ഞ താമസകേന്ദ്രങ്ങള്‍, ചെങ്ക്കുത്തായ പറകെട്ടുകള്‍ ഒരു വശം, മറു വശം അഗാതമായ താഴ്ചയില്‍ ഗംഗ നദി ഒഴുകുന്നു. ഇടക്ക് പറകെട്ടുകള്‍ വഴിയിലേയ്ക്കു ഇടിഞ്ഞു വീണു കിടക്കുന്നു. ഹിമാലയം മനോഹരിതവും, ഭയനകരവുമായ കാഴ്ചകള്‍ സമ്മാനിച്ചുകൊണ്ടിരുന്നു. അടുത്തത് ജാല എന്നാ ഗ്രാമമായിരുന്നു. സുഖിയില്‍ നിന്നും വളരെ ഇറക്കം ഇറങ്ങി വേണം എവിടെ എത്താന്‍. ഗംഗ നദി വളരെ വിസ്താരത്തില്‍ എവിടെ ഒഴുകി കൊണ്ടിരുന്നു. ഇരുവശവും ആപ്പിള്‍ തോട്ടങ്ങള്‍ മൂപ്പെത്താത്ത അപ്പിളുകളുമായി നില്‍ക്കുന്ന കാഴ്ച മറക്കുവാന്‍ പറ്റാത്തതായിരുന്നു. ഹര്‍സില്‍ എന്ന ദേശം അപ്പിളുകള്‍ക്ക് പേരുകേട്ടതാണ്. അപൂര്‍വമായി താഴ്വരകളില്‍ ആള്‍താമസം കാണുവാന്‍ സാധിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ അപ്പിള്‍ തോട്ടങ്ങള്‍ ദേവതാരു മരങ്ങള്‍ക്കും പൈന്‍ മരങ്ങള്‍ക്കും വഴിമാറി തന്നു. തുടര്‍ന്ന് ലങ്ക എന്ന ഗ്രാമത്തില്‍ എത്തി. ഗംഗ നദിക്കു കുറുകെ ഒരു പാലം ഉണ്ട്, ഈ പാലത്തില്‍ നിന്നും നോക്കിയാല്‍ അഗാതമായ താഴ്ചയില്‍ ഗംഗ നദി ഒഴുകുന്നത്‌ കാണാം. ആരെയും ഭീതിപെടുതുന്ന താഴ്ചയാണ് ഇവിടെ. ശിവ പാര്‍വതി ക്ഷേത്രവും ഗണപതി ക്ഷേത്രവും യാത്രക്കിടയില്‍ കണ്ടു. ഭൈരോണ്‍ഘട്ടി എന്ന ഗ്രാമത്തില്‍ ഒരു ഭൈരവ ക്ഷേത്രം ഉണ്ട്. പല നിറങ്ങളിലുള്ള പാറക്കല്ലുകള്‍ ഇരു വശത്തും ധാരാളമായി കിടപ്പുണ്ടായിരുന്നു. ഇവിടം ഒരു പട്ടാള കേന്ദ്രം കൂടിയാണ്. താമസവാസികള്‍ ആ ഗ്രാമങ്ങളില്‍ ഇല്ല എന്ന് തന്നെ പറയാം. "ബോര്‍ഡേര്‍ റോഡ്‌ ഒര്‍ഗനൈസറേന്‍" (BRO) ജോലിക്കാര്‍ വഴി നന്നാക്കുന്ന ജോലിയില്‍ എര്‍പെട്ടിരിക്കുന്നത് കണ്ടു. പട്ടാളം സാധാ ജാഗരൂകരായി കാണപെട്ടു. ടിബറ്റ്‌ അതിര്‍ത്തി വളരെ അടുത്താണെന്ന് സാരഥി കാഞ്ചൻ പറയുനുണ്ടായിരുന്നു. മനോഹരമായ താഴ്വരകളിലൂടെ സഞ്ചരിച്ചു ഞങ്ങള്‍ ഏകദേശം 15 :00 മണിയോടെ ഗംഗോത്രിയില്‍ എത്തി ചേര്‍ന്നു. ക്ഷേത്രത്തിന്റെ ഉദേശം 600 മീറ്റര്‍ അടുത്തുവരെ വാഹനം എത്തും. വാഹനത്തില്‍ നിന്നും ഇറങ്ങി ഒരു മുറി എടുത്തു. വലിയ വൃത്തിയൊന്നും ഇല്ലാത്ത കരിങ്കല്ലുകള്‍ കൊണ്ട് കെട്ടിയ ഒരു മുറി. സാധനസമിഗ്രികള്‍ മുറിയില്‍ വെച്ച ശേഷം ക്ഷേത്ര ദര്‍ശനത്തിനായി ഞങ്ങള്‍ നീങ്ങി. നടപാതയുടെ വീതി കുറഞ്ഞു വന്നിരുന്നു, പട്ടാളക്കാരുടെ ക്യാമ്പുകള്‍,  ഇരു വശവും പൂജ സാധനങ്ങളുടെ കടകള്‍, ഭോജനശാലകള്‍, മുതലായവ. അവിടെത്തെ തപാലാപീസും കണ്ടു. 
ഞങ്ങള്‍ ഗംഗോത്രി ക്ഷേത്രനടയില്‍ 
                   3400 മീറ്റര്‍ ഉയരത്തിലാണ് ഗംഗോത്രി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിലേയ്ക്ക് കടക്കുമ്പോള്‍ വലതു ഭാഗത്തായി ഗംഗനദിയിലേയ്ക്കു ഇറങ്ങുവാനായി പടവുകള്‍ കെട്ടിയിട്ടുണ്ട്. ഭഗീരഥന്‍ തപസു ചെയ്ത സ്ഥലം ഇതിനടുതായി മണ്ഡപം കെട്ടി സൂക്ഷിച്ചിട്ടുണ്ട്. ഭഗീരഥന്‍ എന്ന രാജാവാണല്ലോ ഗംഗ ഭൂമിയില്‍ ഏതാണ കാരണം. അതിനാല്‍ ഗംഗനദി ഭാഗീരഥി എന്നുകൂടി  അറിയപെടുന്നു. ഗംഗോത്രിയില്‍ നിന്നും 19 കിലോമീറ്റര്‍ മുകളില്‍ ഉള്ള ഗംഗോത്രി ഹിമാനിയില്‍ നിന്നുമാണ് ഗംഗ നദി ഉത്ഭവിക്കുന്നത്. എങ്കിലും ഗംഗാജലത്തിന് അതികഠിനമായ തണുപ്പ് അനുഭവപെട്ടു.  കൈ കാലുകള്‍ കഴുകാന്‍ തന്നെ ഞങ്ങള്‍ നന്നായി പാടുപെട്ടു. ഒഴുകി വരുന്ന ജലത്തില്‍ കാലുകള്‍ ഇറക്കിവച്ചാല്‍ തന്നെ കാലുകള്‍ മരവിച്ചു പോകുന്ന മട്ടിലായിരുന്നു തണുപ്പ്.  ചില ഭക്തന്മാർ അവിടെ നിന്നും ജലം ബക്കറ്റുകളിൽ എടുത്തു കുളി എന്ന കർമം നടത്തുന്നുണ്ടായിരുന്നു. ഒരു ബക്കറ്റ് ജലം ദേഹത്ത് വീഴുമ്പോൾ തന്നെ അയാൾ വിറച്ചു വിറച്ചു നിൽക്കുന്ന കാഴ്ച ഞങ്ങളിലും അരോചകം സൃഷ്ട്ടിച്ചു ഇടിഞ്ഞു വീഴുന്ന പറകെട്ടുകളില്‍ നിന്നും വരുന്ന പാറപൊടികള്‍ ഗംഗ ജലത്തിന് സിമെന്റ് നിറം നല്‍കിയിരുന്നു. 
ഗംഗ ഗംഗോത്രിയിൽ ...
 
 അതിനു ശേഷം ഞങ്ങള്‍ ക്ഷേത്ര ദര്‍ശനം നടത്തി. ചെറിയ ഒരു ക്യൂ ഉണ്ടായിരുന്നു. അതിനുശേഷം അവിടെ കാണപെട്ട ഒരു പോലീസ്കാരനോട് ഗോമുഖ് യാത്ര എപ്രകാരം ആയാസരഹിതമായി നടത്താം  എന്ന് ചോദിച്ചു മനസിലാക്കി. അദ്ദേഹം ഞങ്ങളെ വളരെ നന്നായി യാത്രക്കായി പ്രോത്സാഹിപ്പിച്ചു. പക്ഷെ ഞങ്ങളില്‍ ഒരാള്‍ക്ക് ശാരീരികസുഖം കുറഞ്ഞിരുന്നു. ഞങ്ങള്‍ തീരുമാനം എടുക്കുവാന്‍ പറ്റാതെ കുഴങ്ങി. സൂര്യകുണ്ഡ് കാണുവാനായി പോയി.
 
സൂര്യകുണ്ഡ്

  ക്ഷേത്രതിനടുതായി ഒരു പാലം കടന്നു വേണം ഈ കാഴ്ച കാണുവാന്‍. ഗംഗനദി ഉയരത്തില്‍ നിന്നും താഴേക്ക്‌ വെള്ളാരം നിറമുള്ള പാറകെട്ടുകള്‍ക്കിടയിലൂടെ പതിക്കുന്ന കാഴ്ച വളരെ മനോഹരമാണ്. അവിടെ കാണപെട്ട ഒരു കൂട്ടം ചെറുപ്പകരോടും ഗോമുഖ് യാത്രയെ പറ്റി ആരഞ്ഞിരുന്നു. ഗുജറാത്തില്‍ നിന്നുമുള്ള നാല്പതോളം പേരടങ്ങിയ ഒരു കൂട്ടത്തിലെ അംഗങ്ങളായിരുന്നു. അവരുടെ കൂടെ രണ്ടു വയസു മുതല്‍ 65 വയസു വരെ പ്രായമുള്ള ആളുകള്‍ ഗോമുഖ് കാണുവാന്‍ അടുത്ത ദിനം യാത്ര തുടങ്ങുമെന്ന് പറഞ്ഞു. ഞങ്ങളും യാത്ര ചെയ്യാന്‍ തീരുമാനിച്ചു. അതിനായി ആദ്യം പട്ടാള മേധാവിയുടെ സമ്മതപത്രം വങ്ങേണ്ടിയിരുന്നു. അതിനായി ഞങ്ങള്‍ പട്ടാള ക്യാമ്പില്‍ നില്പ് ഉറപ്പിച്ചു. ഞങ്ങക്ക് മുന്പായി നാലു പേര്‍ അവിടെ സ്ഥാനം പിടിച്ചിട്ടുണ്ടായിരുന്നു. ഏകദേശം ഒരു മണിക്കൂറിനു ശേഷം പട്ടാളമേധാവി എത്തുകയും യാത്രക്കുള്ള അപേക്ഷ പത്രം നല്‍കി. അപേക്ഷ പൂരിപ്പിച്ചു നല്‍കി, മേല്‍വിലാസപത്രം (അഡ്രസ്‌ പ്രൂഫ്‌ ) കാണിച്ചു, ഗോമുഖില്‍ പോകുന്നത് സ്വന്തം റിസ്കില്‍ ആണെന്നും പട്ടാളമോ , മറ്റു ഉന്നത അധികാരികളോ അവിടെ നടക്കുന്ന നഷ്ടങ്ങള്‍ക്ക് ഉത്തരവാദികള്‍ അല്ല എന്നും സമ്മത പത്രം എഴുതി വാങ്ങി. പോകുന്നതിനായി ഞങ്ങള്‍ ഒരു വഴികാട്ടിയെ നിയമിച്ചിരുന്നു. അതും പട്ടാളക്യാമ്പില്‍ അറിയിക്കണം. പോകുവാനുള്ള യാത്രപത്രം കിട്ടി, അടുത്ത ദിവസം രാവിലെ ആറു മണിക്ക് കാണാം എന്ന് വഴികാട്ടിയുമായി പറഞ്ഞു ഉറപ്പിച്ചു മുറിയിലേയ്ക്ക് നീങ്ങി. രാത്രി ആഹാരം ദോശ കിട്ടിയത് വളരെ ആശ്വാസകരമായി തോന്നി. ശരീര സുഖം കുറഞ്ഞിരുന്ന ഡോക്ടര്‍ മരുന്ന് കഴിച്ചു നേരത്തെ ഉറക്കമായി. ബാക്കിയുള്ളവര്‍ രാത്രി ഗംഗോത്രി ചുറ്റിനടന്നു കണ്ടു. ഏകദേശം 21 :00 മണിയോടെ എല്ലാവരും ഉറക്കമായി.