About Me

My photo
A very friendly human, living & working in kerala, India, working with in india's most recoganized and leading financial sector company as a manager. My hobbies are Photograophy, Travelling, Eco friendly trekking, Listing Classical Music, Reading Books. http://www.facebook.com/kishorekrishnatk

1. ഹരിദ്വാരിലേക്ക്...



വളരെ കാലമായി മനസ്സില്‍ കൊണ്ട് നടന്ന ഒരു ആഗ്രഹം സാധ്യമാകുന്നു. യമുനോത്രി , ഗംഗോത്രി, ഗോമുഖ് , കേദാര്‍നാഥ്, ബദരിനാഥ്, മാനഗ്രാമം എന്നിവയായിരുന്നു ഞങ്ങളുടെ പ്രധാന യാത്രലക്‌ഷ്യം.ഞങ്ങള്‍ 5 പേര്‍ (സഞ്ജയ് ഭട്ട്, സുരേഷ് പൈ, സന്തോഷ്‌ കുമാര്‍, ഡോ: ശ്രീരാജ് ജി പ്രഭു, പിന്നെ കിഷോര്‍ കൃഷ്ണ എന്ന ഞാനും), യാത്രക്കായി ഒരുക്കങ്ങള്‍ 6 മാസം മുന്‍പ് മുതല്‍ക്കേ നടത്തിയിരുന്നു. യാത്ര പ്ലാന്‍ ചെയ്യാനും, ഓരോ ദിവസവും രാത്രി താമസിക്കുവാനുള്ള സ്ഥലം, യാത്ര ചെയ്യേണ്ടി വരുന്ന ദൂരം, അവിടുത്തെ ഭൂപ്രകൃതിയും, കാലാവസ്ഥയും, എല്ലാം തന്നെ നന്നായി വിശകലനം ചെയ്തിരുന്നു. വേണ്ട സാധന സമിഗ്രികള്‍ വാങ്ങി വെക്കാനും മറ്റും ധാരാളം സമയം വേണ്ടിയിരുന്നു. വിമാന ടിക്കറ്റ്‌ 3 മാസം മുന്‍പേ നേടിയിരുന്നതിനാല്‍ ചെലവു അല്പം കുറയ്ക്കുവാന്‍ സാധിച്ചു, ശ്രീ: M.K. രാമചന്ദ്രന്ടെ ബുക്കുകള്‍ , ശ്രീ: വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂവില്‍ എന്നിവ നന്നായി വിശകലനം ചെയ്തു. ഗൂഗിള്‍ ഏര്‍ത്ത്, ചാര്‍ ധാം യാത്ര പാക്കേജുകൾ  എന്നിവയും യാത്രയെപറ്റി നല്ല ഒരു  ചിത്രം ഞങ്ങള്‍ക്ക് ലഭിക്കുവാന്‍ കാരണമായി. മെയ്‌ 21 , 2010 യാത്ര തുടങ്ങി ജൂണ്‍ 6, 2010 നു തിരുച്ചു എത്തുവാനും ഞങ്ങള്‍ തീരുമാനിച്ചു.

22 മെയ്‌ 2010 
വളരെ തിരക്കോടെ ആയിരുന്നു ആ ദിവസം പുലര്‍ന്നത്, സാധനസമിഗ്രികള്‍ എല്ലാം തന്നെ പായ്ക്ക് ചെയ്തു ഞങ്ങള്‍ 12 മണിയോടെ കാറില്‍ കൊച്ചിന്‍ വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചു. ഏകദേശം 4PM നു മുന്പായി ഞങ്ങള്‍വിമാനത്താവളത്തില്‍ എത്തിചേര്‍ന്നു. വിമാനത്താവളത്തില്‍ ടി.വി. ഇല്‍ മംഗലാപുരം വിമാനാപകടവാർത്തകളായിരുന്നു ഞങ്ങളെ എതിരേറ്റത്. അന്ന് എയര്‍ഇന്ത്യ  വിമാനം അപകടത്തില്‍ പെട്ട് കുറച്ചു ആളുകള്‍ മരണപെട്ടു. രാവിലെ തന്നെ വാര്‍ത്ത‍ കിട്ടിയിരുന്നു. അതിനാല്‍ എല്ലാ വിമാനങ്ങളും താമസിച്ചാണ് യാത്ര നടത്തിയിരുന്നത്. 6 :30 pm നു യാത്ര തിരിക്കേണ്ട ഞങ്ങളുടെ വിമാനം 1 മണിക്കൂര്‍ വൈകി മാത്രമാണ് പുറപെട്ടത്. രാത്രി 11 മണിയോടെ ഞങ്ങള്‍ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു. അവിടെ നിന്നും ബസില്‍ കയറി ISBT (ഇന്റര്‍ സ്റ്റേറ്റ് ബസ്‌ ടെര്‍മിനല്‍) ലേക്ക് യാത്രയായി. രാത്രി ഭക്ഷണം കയ്യില്‍ കരുതിയിരുന്നു. ഏകദേശം പതിനൊന്നു മണിയോടെ ഇന്റര്‍ സ്റ്റേറ്റ് ബസ്‌ ടെര്‍മിനലില്‍ വെച്ച് ഭക്ഷണം കഴിച്ചു. രാത്രി വൈകിയതിനാല്‍ ബസ്സുകള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. അതിരാവിലെ 02:30 നു ഹരിദ്വാരിലേക്ക് ഒരു ബസ്‌ കിട്ടി. ആദ്യദിവസം ഉറക്കം ആര്ക്കും തന്നെ സുഖകരമായിരുന്നില്ല. 200 ഓളം കിലോമീറ്റര്‍ യാത്ര ചെയ്തു വേണം ഹരിദ്വാരിലെത്താന്‍. മുസഫിര്‍നഗര്‍ , റൂര്‍കീ, മുതലായ വന്‍ വ്യവസായ നഗരങ്ങളിലൂടെയായിരുന്നു യാത്ര. പല പല വ്യവസായ ശാലകള്‍. പഞ്ചസാര മില്ലുകള്‍ മുതലായവ കടന്നു ബസ്‌ വളരെ വേഗത്തിലാണ് സഞ്ചരിച്ചിരുന്നത്.

23 മെയ്‌ 2010 
വഴിയരികിലെ ഏതോ ഒരു ഗ്രാമത്തിലെ ഡാബയുടെ മുൻപിൽ ബസ് നിർത്തിയപ്പോഴാണ് ഉറക്കത്തിൽ നിന്നും ഞാൻ ഉണർന്നത്. സുഹൃത്തുക്കൾ നല്ല ഉറക്കത്തിലായിരുന്നു. ഏകദേശം രാവിലെ 4:30 ആയിട്ടുണ്ടാവും. നേരം പുലർന്നു വരുന്നതേഉള്ളു.  നോക്കെത്താ ദൂരങ്ങളിൽ കരിമ്പിൻ പാടങ്ങൾ. രാവിലെയായതു കൊണ്ടാവാം റോഡിൽ വാഹനങ്ങൾ നന്നേ കുറവായിരുന്നു.  ചായയും ലഘു ഭക്ഷണവും ലഭിക്കുന്ന ഒരു ചെറിയ ഡാബ. ധാരാളം സർദാരികൾ അവരുടെ ട്രാക്കുകളുമായി അവിടങ്ങളിൽ വിശ്രമിക്കുന്നു. കടയ്ക്കരികിലായി തന്നെ ഒരു ചെറിയ ശിവക്ഷേത്രവും, ചായയും മറ്റും കഴിക്കുന്ന യാത്രികര്‍ ക്ഷേത്രത്തില്‍ ഒരു പൂജയോ കാണിക്കയോ നടത്തിയാല്‍ അതും വരുമാനം തന്നെ. ജീവിക്കാന്‍ മനുഷ്യര്‍ കെട്ടുന്ന വേഷങ്ങള്‍.... രാവിലെ "9 മണിയോടെ ബസ്സ് ഹരിദ്വാറില്‍ എത്തിച്ചേര്‍ന്നു.


ഹരിദ്വാർ -

ഹരിദ്വാര്‍ :- ഹിന്ദു ധര്‍മം അനുശാസിക്കുന്ന 7 വിശുദ്ധ സ്ഥലങ്ങളില്‍ പ്രമുഖമായ സ്ഥാനമാണ് ഹരിദ്വാരിനുള്ളത്. ഹരി എന്നാല്‍ ദൈവം എന്നും ദ്വാര്‍ എന്നാല്‍ വഴി എന്നും അര്‍ഥം. ദൈവത്തിലേക്കുള്ള വഴി എന്നാണ് ഈ നഗരത്തിന്റെപേരിന്റെ അര്‍ഥം . 12 വര്‍ഷം കൂടുബോള്‍ നടക്കുന്ന കുംഭ മേള യില്‍ പങ്കെടുക്കുവാന്‍ പതിനായിരക്കണക്കിനു ആളുകള്‍ എവിടെ പുരാതനകാലം മുതല്‍ക്കേ ഒത്തുകൂടിയിരുന്നു. ക്രിസ്തുവിനും മുന്‍പേ ഹരിദ്വാര്‍ അറിയപെടുന്ന ഒരു നഗരമായിരുന്നു എന്ന് ചരിത്രരേഖകള്‍ തെളിയിക്കുന്നു. ഹരിദ്വാരിനെ പറ്റി പറയുമ്പോള്‍ ഗംഗയെ ഒഴിവാക്കാന്‍ പറ്റില്ല. ഹരിദ്വാരിനു ഈ കീര്‍ത്തി എല്ലാം നേടികൊടുത്തത് ഗംഗ നദിയാണ്.

സൂര്യോദയം - ഗംഗാനദിക്കരയിൽ - ശ്രീ വ്യാസാശ്രമം,സാധുബാല, ഹരിദ്വാർ

ഗംഗനദി :- ഗംഗ , ഭാരതത്തിലെ ഏറ്റവും വിശുദ്ധ നദി എന്ന് കരുതപെടുന്നു. ഗംഗ സ്നാനം ഹരിദ്വാറില്‍ പരമ പവിത്രമായി കരുതുന്നു. ഹരിദ്വാറില്‍ ധാരാളം ഘട്ടുകള്‍ ഗംഗ സ്നാനത്തിനായി തയ്യാറാക്കിട്ടുണ്ട്. അതില്‍ പ്രശസ്തം "ഹര്‍ കി പൌടി" (ഹരിയുടെ കാല്‍പാദം). ഇവിടെ നിന്നും എടുക്കുന്ന ജലം എത്ര കാലം സൂക്ഷിച്ചാലും കേടുവരില്ല എന്ന് പറയപെടുന്നു. ഇതു നിര്‍മ്മിച്ചത് തന്റെ സഹോദരന്റെ (ഭര്‍ത്തഹരി) ഓര്‍മ്മക്കായി രാജാവായിരുന്ന വിക്രമാധിത്യന്‍ (AD100) ആണെന്ന് ചരിത്രം.

ബസ്സ്റ്റാന്‍ഡില്‍ ഞങ്ങള്‍ ഇറങ്ങിയതും ധാരാളം റിക്ഷകാര്‍ ഞങ്ങളുടെ കൂടെ കൂടി. ഹരിദ്വാര്‍ എങ്ങും കാവിവസ്ത്രധാരികളെയും സന്യസികളെയും ധര്‍മം എടുത്തു ജീവിക്കുന്നവരേയും കൊണ്ട് നിറഞ്ഞിരുന്നു. സാധുബലയിലെ കാശിമഠത്തിലാണ് ഞങ്ങളുടെ അന്നത്തെ താമസം പ്ലാന്‍ ചെയ്തിരിക്കുന്നത്. ഒരു ഓട്ടോറിക്ഷയില്‍ കയറി ഞങ്ങള്‍ 5 പേരും സധുബെലയിലെ കാശി മഠത്തില്‍ എത്തി.ഓട്ടോ ചാര്‍ജ് 150 രൂപയാക്കി പറഞ്ഞു ഉറപ്പിച്ചിരുന്നു. യാത്രികര്‍ അന്യദേശക്കാരയതിനാല്‍ പറ്റിക്കപെടാന്‍ സാധ്യത കൂടുതലാണ്. നാട്ടില്‍ നിന്നും തിരുക്കുന്നതിനു മുന്‍പേ ഫോണ്‍ വിളിച്ചു പറഞ്ഞു മുറി ബുക്ക്‌ ചെയ്തതിനാല്‍ ഞങ്ങള്‍ക്ക് മുറി ലഭിച്ചു. 
ശ്രീ കാശിമഠം
5000 വർഷങ്ങളായി മുറിയാത്ത  ശ്രീ വേദവ്യാസ ശിഷ്യപരമ്പരയിൽ അധിഷ്ടിതമാണ് ഗൗഢസാരസ്വതബ്രാഹ്മണസമുദായം. ഈ ഞാനും എന്റെ യാത്ര സുഹൃത്തുക്കളും ജനിച്ച  ഈ സമുദായത്തിന്റെ ഹരിദ്വാറിലെ ആസ്ഥാനം ആണ് സാധുബാലയിൽ ഗംഗയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഈ ആശ്രമം. പ്രധാന പ്രതിഷ്ഠ ശ്രീ: വേദവ്യാസരഘുപതി ആണ്.


                                              ശ്രീ വേദവ്യാസ ആശ്രമം - മുഖ്യ മന്ദിരം


ചായക്കുശേഷം ഞങ്ങള്‍ ഗംഗസ്നാനം ചെയ്യാന്‍ പുറപ്പെട്ടു, ആശ്രമത്തിന്റെ  ഒരു ഭാഗം ഗംഗ നദിയാണ് ഒഴുകുന്നത്‌. ഭംഗിയായി പടവുള്‍ കെട്ടി ആ ഭാഗം സംരക്ഷിച്ചിട്ടുണ്ട്. അന്തരീക്ഷത്തില്‍ ചൂട് വളരെ കൂടുതലായിരുന്നുവെങ്കിലും ഗംഗനദിയിലെ ജലം വളരെ തണുപ്പേറിയതായിരുന്നു. ആ ഗംഗസ്നാനം ഞങ്ങളുടെ എല്ലാ യാത്ര ക്ഷീണവും മാറ്റിയിരുന്നു. ശ്രീ കാശിമഠത്തിലെ മാനേജര്‍ ശ്രീ:മല്ലന്‍ ഞങ്ങള്‍ക്ക് വേണ്ടി അദ്ദേഹത്തിന്റെ പരിചയക്കാരനായ ഒരു ടൂര്‍ ഓപ്പറേറ്ററെ  പരിച്ചയപെടുതുകയും ഒരു ക്വാളിസ് വണ്ടി തരപ്പെടുത്തുകയും ചെയ്തു. ഞങ്ങള്‍ നേരത്തെ തന്നെ ടൂര്‍ പ്ലാന്‍ ചെയ്തതിനാല്‍ ടൂര്‍ നടത്തിപ്പുകാരുടെ പ്ലാനുകള്‍ ഞങ്ങള്‍ അന്ഗീകരിച്ചില്ല. അതിന്ടെ കാരണം കൂട്ടിലടച്ച കിളികളെ പോലെ, എല്ലാം കണ്ടു എന്ന് വരുത്തി തിരിച്ചു പോരുവാന്‍ ഞങ്ങള്‍ക്ക് താല്പര്യം ഇല്ലായിരുന്നു. മാത്രമല്ല യാത്രയ്ക്ക് 3 ദിവസം ഞങ്ങള്‍ അധികം പറഞ്ഞുഉറപ്പിച്ചിരുന്നു. ഈ യാത്ര ഒരു ഭക്തിമാര്‍ഗയാത്ര മാത്രമല്ല, മറിച്ച് ഭാരതത്തിന്റെ പുരാതനമായഏടുകള്‍ മനസിലാക്കുവാനും, ഹിമാലയം എന്ന അത്ഭുതപ്രതിഭാസത്തിന്റെ ഒരു അംശം നേരില്‍ കാണുവാനും അത് മനസിലാക്കുവാനും, പ്രകൃതിയെസ്നേഹിക്കുവാനും ഈ യാത്ര ദിനങ്ങള്‍ ഞങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചിരുന്നു. ഞങ്ങള്‍ക്ക് ആഹാരത്തിനുള്ള എല്ലാവകയും ആശ്രമത്തില്‍ നിന്നും ലഭിച്ചിരുന്നു. വൈകുന്നേരം ഞങ്ങള്‍ ഹരിദ്വാര്‍ ചുറ്റി കറങ്ങുവാനായി  ഇറങ്ങി. ഭാരത് മാതാ ക്ഷേത്രം, പല പല മഠങ്ങൾ , ഷോപ്പിംഗ്‌മാളുകള്‍ മുതലായവ കാണുവാന്‍ സാധിച്ചു, മഠങ്ങളിൽ നിന്നും ക്ഷേത്രങ്ങളില്‍ നിന്നും വന്ന സത്സംഘപ്രഭാഷണങ്ങളും, ഭജനകളും, വേദ മന്തോച്ചരണങ്ങളും ഹരിദ്വാരിന്റെ സന്ധ്യസമയം വര്‍ണശബളമാക്കി. ഒരു ഉത്സവ പ്രതീതി എങ്ങും ഉളവാക്കി. അവിടത്തെ കടകളില്‍ നിന്നും യാത്രക്കവിശ്യമായ ചെറു പഴങ്ങള്‍, ബിസ്കറ്റുകള്‍, മരുന്നുകള്‍, ചെറു നരങ്ങകള്‍, നെല്ലിക്ക എന്നിവ വാങ്ങി ശേഖരിച്ചു. പിറ്റേന്ന് രാവിലെ തന്നെ യാത്ര തുടങ്ങേണ്ടതിനാൽ കൂടുതല്‍ സമയം ചെലവഴിക്കാതെ മുറിയിലെത്തി ഞങ്ങള്‍ വിശ്രമിച്ചു.